പുറപ്പുഴ: വികസനമെന്നാൽ സാമ്പത്തികമടക്കമുള്ള എല്ലാ രംഗങ്ങളിലുമുള്ള ജനതയുടെ സമൃദ്ധിയും ആ പ്രദേശത്തിന് മറ്റുള്ളവരുടെ മുന്നിൽ ലഭിക്കുന്ന അംഗീകാരവുമാണെന്ന് തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് പറഞ്ഞു. പുറപ്പുഴ ഗ്രാമപഞ്ചായത്തും കേരളകൗമുദിയും സംയുക്തമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ട്രീസജോസ് . കാർഷിക, തൊഴിൽ, ഉത്പാദന, വ്യാവസായ രംഗങ്ങളിൽ വളർച്ചയുണ്ടാകുമ്പോഴാണ് ഒരു പ്രദേശത്തെ ജനതയ്ക്ക് സമൃദ്ധിയും അഭിവൃദ്ധിയുമുണ്ടാവുക. വിവിധ മേഖലകളിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന പോലെ നമ്മുടെ ഗ്രാമത്തെ മറ്റുള്ള പ്രദേശത്തുള്ളവർ അംഗീകരിക്കണം. രാജ്യം സ്വാതന്ത്ര്യം നേടി 75-ാം വർഷം പിന്നിടുമ്പോൾ, ജനകീയാസൂത്രണത്തിലൂടെ ത്വരിത ഗതിയിലുള്ള മാറ്റം സ്വപ്നം കണ്ടവരാണ് ഇന്ത്യൻ ജനത. ഏറക്കുറെ അത് സഫലമായി. ജനജീവിതം മെച്ചപ്പെടുന്ന പദ്ധതികളായ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയ്ക്കെല്ലാം നാം മുൻഗണന നൽകാറുണ്ട്. ഇതോടൊപ്പം സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ഉത്പാദനരംഗങ്ങളിലുള്ള സുസ്ഥിരമായൊരു വികസനത്തിനും ശ്രദ്ധകൊടുക്കണം. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്ന പഞ്ചായത്താണ് പുറപ്പുഴ. ആരോഗ്യ, പദ്ധതി, തൊഴിലുറപ്പ് രംഗങ്ങളിൽ മെഡലുകൾ നേടി മുന്നേറുകയാണ് പഞ്ചായത്ത്. പ്രസിഡന്റും വൈസ് പ്രസിഡന്റുമടങ്ങുന്ന ഭരണസമിതി പുറപ്പുഴ പഞ്ചായത്തിനെ വികസനത്തിലേക്ക് നയിക്കാൻ ബദ്ധശ്രദ്ധരാണ്. ഗ്രാമസഭകളും വർക്കിംഗ് ഗ്രൂപ്പുകളുമെല്ലാം ചേർന്ന് 2022- 23 വർഷത്തെ പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ഇനി ഏതെല്ലാം രംഗങ്ങളിലാണ് മികവ് നേടേണ്ടതെന്ന് മനസിലാക്കി മുന്നോട്ടുപോവുകയാണ് നാം ചെയ്യേണ്ടതെന്നും ട്രീസ പറഞ്ഞു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്ററനാൽ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി ജോജോ, വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൗമ്യ ബിൽജി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജോബി മാത്യു, പഞ്ചായത്ത് മെമ്പർമാരായ എ.കെ. ഭാസ്‌കരൻ, സിനി ജെസ്റ്റിൻ, ജയസൂര്യ, അച്ചാമ്മ ജോയി, സിനി അജി, സേതുരാജ്, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു ആന്റണി, വഴിത്തല മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് കുരുവിള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. റെനീഷ് മാത്യു (കേരളാ കോൺഗ്രസ്), സോമി വട്ടയ്ക്കാട്ട് (കോൺഗ്രസ്), അഡ്വ. എസ്. അനിൽ കുമാർ (സി.പി.എം), പ്രസാദ് പാറയിൽ (സി.പി.ഐ), ശശി ചാലയ്ക്കൽ (ബി.ജെ.പി), സി.ഡി.എസ് ചെയർപേഴ്‌സൺ സരസ്വതി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ് നന്ദി പറഞ്ഞു.