കട്ടപ്പന : ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പടെ നാല് സങ്കീർണ്ണ ശസ്ത്രക്രിയകൾ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി കട്ടപ്പന താലൂക്ക് ആശുപത്രി.ഹൈറേഞ്ചിലെ താലൂക്ക് ആശുപത്രികളിൽ ഇതാദ്യമാണ് 2 ദിവസത്തിനുള്ളിൽ നാല് മേജർ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നത്. വണ്ടിപ്പെരിയാർ സ്വദേശിനിയായ അൻപതുകാരിയുടെ ഇടുപ്പെല്ലാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിങ്കളാഴ്ച്ച രാവിലെ മാറ്റി വച്ചത്.ഇടുപ്പിലേയ്ക്കുള്ള രക്തചംക്രമണ വ്യവസ്ഥ തകരാറിലായതിനെ തുടർന്നാണ് ഇവർക്ക് ഇടുപ്പെല്ല് മാറ്റി കൃത്രിമ ഇടുപ്പെല്ല് സ്ഥാപിക്കേണ്ടി വന്നത്.മുളകരമേട് സ്വദേശിയായ 65 കാരിയുടെ കാൽമുട്ട് മാറ്റിവച്ച മറ്റൊരു ശസ്ത്രക്രിയയും തിങ്കളാഴ്ച്ച വൈകിട്ടോടെ പൂർത്തിയാക്കി.കാൽമുട്ടിന്റെ തേയ്മാനത്തെ തുടർന്നാണ് മാറ്റി വയ്ക്കേണ്ടി വന്നത്.അസ്ഥിരോഗ വിദഗ്ധൻമാരായ ഡോ. ജിശാന്ത് ബി ജയിംസ്, ഡോ. ടോം ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.ആദ്യമായിട്ടാണ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആശുപത്രിയിൽ നടത്തിയത്. .

ചൊവ്വാഴ്ച്ചയാണ് ഒൻപതും പത്തും വയസ്സുള്ള ആൺകുട്ടികൾക്ക് അഡിനോയ്ഡ്

എക്ടമി,ടോൺസൽ എക്ടമി ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്.മേരികുളം സ്വദേശിയായ ഒൻപതു വയസ്സുകാരന്റെ തൊണ്ടയിൽ വളർന്ന മുഴകളും ലബ്ബക്കട സ്വദേശിയായ പത്തു വയസ്സുകാരന്റെ മൂക്കിന് പിന്നിൽ വളർന്ന മാംസ ഭാഗവുമാണ് ഇ എൻ ടി വിദഗ്ദ്ധൻ ഡോ. എവിൻ എബ്രഹാമിന്റെയും അനസ്തേഷ്യ വിദഗ്ദ്ധ ഡോ. സ്നേഹ ജോർജിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തത്.ഇത്തരം ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യ ആവശ്യമായതിനാൽ മെഡിക്കൽ കോളേജ് ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ വിരളമായിട്ടാണ് നടത്താറുള്ളത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ബി ശ്രീകാന്ത് വ്യക്തമാക്കി.