
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രദർശന വിപണന മേളയുടെയും കലാപരിപാടികളുടെയും മികച്ച കവറേജിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വാർത്താ ചിത്രവിഭാഗത്തിൽ ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡ് കേരളകൗമുദി ഫോട്ടോഗ്രാഫർ ബാബു സൂര്യയ്ക്ക് (ആർ. വിനയചന്ദ്രൻ). പിഞ്ചുകുഞ്ഞിനെ തോളിലേറ്റി കുടുംബശ്രീ കഫേയിൽ ജോലി ചെയ്യുന്ന യുവതിയുടെ 'കുടുംബം ശ്രീയാകാൻ' എന്ന അടിക്കുറിപ്പോടെ നൽകിയ ചിത്രമാണ് സമ്മാനം നേടിക്കൊടുത്തത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് ബാബു അവാർഡ് ഏറ്റുവാങ്ങി. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ ഷിയാസ് ബഷീറിന്റെ ചിത്രത്തിനാണ് രണ്ടാം സ്ഥാനം. അച്ചടി വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ദേശാഭിമാനി ബ്യൂറോചീഫ് കെ.ടി. രാജീവിന് ലഭിച്ചു. മംഗളം ദിനപ്പത്രത്തിനാണ് അച്ചടി വിഭാഗത്തിൽ രണ്ടാം സ്ഥാനം. മീഡിയ വൺ ചാനലിനാണ് ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഇടുക്കി വിഷൻ ചാനലിനാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം.