തൊടുപുഴ: മഴ ശക്തമായാൽ മലങ്കര അണക്കെട്ടിനോട്‌ അനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതികൾ പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. അണക്കെട്ടിലെ ജല നിരപ്പ് കഴിഞ്ഞ ഞായറാഴ്ച്ച മാത്രം 40.38 മീറ്ററായി ഉയർത്തിയിരുന്നു.എന്നാൽ തിങ്കളാഴ്ച്ച മുതൽ ജല നിരപ്പ് വീണ്ടും കുറച്ചു.ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ട് ഓരോ ദിവസവും ജല നിരപ്പ് കൂടുതൽ കൂടുതൽ കുറച്ച് വരുകയാണ്.ജല നിരപ്പ് കുറഞ്ഞതിനെ തുടർന്ന് അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ചുള്ള ഏഴോളം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ നൂറോളം കുടി വെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലായി.മഴ ശക്തമായതിനെ തുടർന്നാണ് മലങ്കര അണക്കെട്ടിലെ ജലസംഭരണം വീണ്ടും കുറച്ചത്.മുട്ടം,കുടയത്തൂർ, അറക്കുളം,വെള്ളിയാമറ്റം,ഇടവെട്ടി, ആലക്കോട്,കരിങ്കുന്നം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികൾ മിക്കതും മലങ്കര അണക്കെട്ടിന്റെ തീരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിൽ ജല നിരപ്പ് കുറയുമ്പോൾ കുടി വെള്ള പദ്ധതികളിലും വെള്ളത്തിന്റെ അളവ് താഴുന്നതാണ് ജനത്തെ ദുരിതത്തിലാക്കുന്നത്.ജല നിരപ്പ് താഴ്ത്തിയാൽ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങൾ കഷ്ട്ടത്തിലാകും എന്ന് ജല വിഭവ വകുപ്പ്,എം വി ഐ പി അധികാരികൾക്ക് അറിയാമെങ്കിലും അതെല്ലാം അവർ നിസാരവൽക്കരിക്കുകയാണെന്ന് ജനങ്ങൾ പറയുന്നു.മഴയുടെ തോതിന് അനുസരിച്ച് അണക്കെട്ടിലെ ജല നിരപ്പ് 36 മീറ്റർ എന്ന രീതിയിൽ നിജപ്പെടുത്തിയാൽ ജനങ്ങൾ ദുരിതപ്പെടില്ല.എന്നാൽ അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരിതങ്ങൾക്ക്‌ നേരെ അധികൃതർ മുഖം തിരിക്കുകയാണ്.

ജില്ലാ ജയിലിലും വെള്ളം കിട്ടുന്നില്ല

മുട്ടം ജില്ലാ ജയിലിലേക്കും കുടിവെള്ളം എത്തിക്കുന്നത് അണക്കെട്ടിൽ നിന്നാണ്.സ്ത്രീ - പുരുഷ തടവുകാർ ഉൾപ്പെടെ 240 ൽപരം തടവുകാരെ പാർപ്പിക്കുന്ന ജില്ലാ ജയിലിലേക്ക് രണ്ട് ദിവസങ്ങളായിട്ട് വെള്ളം എത്തിക്കാൻ കഴിയുന്നില്ല.ഇത്‌ ജയിലിന്റെ ദൈനം ദിന പ്രവർത്തികളെ തകിടം മറിക്കുകയാണ്.ഇന്നലെ അധിക പണം നൽകി പുറമെ നിന്ന് ജയിലിലേക്ക് വെള്ളം ലോറിയിൽ എത്തിച്ചു.ഈ അവസ്ഥ തുടരാൻ പറ്റാത്തതിനാൽ ജയിൽ ഉദ്യോഗസ്ഥർ എം വി ഐ പി അധികൃതർക്ക് കത്ത് നൽകിയിരിക്കുകയാണ്

.