കട്ടപ്പന: ഉത്പ്പാദനം കുറഞ്ഞതോടെ കുത്തനെ കുതിച്ചുയർന്ന് പച്ചക്കപ്പയുടെ വില.കിലോ 20 രൂപയിൽ കിടന്നിരുന്ന കപ്പ വില ഇപ്പോൾ മാസങ്ങൾ കൊണ്ട് കുതിച്ചുയർന്നു 40 രൂപയിലാണ് എത്തി നിൽക്കുന്നത്. ജൂൺ അവസാനത്തോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.എന്നാൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ കട്ടപ്പനയിലെ ചില കടകളിൽ പച്ചക്കപ്പ ലഭ്യമാണ്. ഗ്രാമങ്ങളിലേയ്ക്ക് ചെന്നാൽ 40 രൂപയും നൽകണം.ചെറുകിട കച്ചവടക്കാർക്ക് കപ്പ മൊത്തമായി എത്തിച്ചു നൽകുന്നവരെ ആശ്രയിച്ചിരിക്കും വിലയിലെ വ്യത്യാസം.തമിഴ്‌നാട്ടിലെ തേവാരത്ത് നിന്നുമുള്ള കപ്പ 5 രൂപ വില കുറച്ചാണ് കച്ചവടം. എന്നാൽ ഈ കപ്പയോട് ആളുകൾക്ക് താത്പര്യം കുറവാണ്.

മുൻവർഷങ്ങളിലെ വിലതകർച്ചയും കാലാവസ്ഥ വ്യതിയാനവും സൃഷ്ടിച്ച ഗണ്യമായ ഉത്പ്പാദനക്കുറവാണ് ഇപ്പോഴത്തെ പച്ചക്കപ്പ വില വർധനയുടെ കാരണം. കാർഷിക മേഖലയായ ഇടുക്കിയിൽ നിന്നും മാത്രം ലഭിക്കുന്ന കപ്പ കൊണ്ട് ജില്ലയിലെ വിപണിയിൽ ആവശ്യമുള്ളത്ര വിതരണം ചെയ്യാൻ സാധിക്കാറില്ല. ഇതിനായി ഹോൾസെയിൽ വ്യാപാരികൾ എറണാകുളം, കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും തൊടുപുഴയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് പച്ചക്കപ്പ ഹൈറേഞ്ചിലേയ്ക്ക് എത്തിക്കുന്നത്.കഴിഞ്ഞ വർഷം പെയ്ത കനത്ത മഴയിൽ വിളവിറക്കിയിരുന്ന മിക്ക പാടങ്ങളുംവെള്ളത്തിനടിയിലായിരുന്നു. ഇതേതുടർന്ന് പകുതി സ്ഥലങ്ങളിൽ പോലും കപ്പ കൃഷി ചെയ്യുന്നതിന് സാധിച്ചില്ല. ഈ സീസണിലെ ഉദ്പാദനക്കുറവിന് കാരണവും ഇതാണ്. വിളവെടുപ്പിന്റെ ആദ്യ സീസൺ കഴിഞ്ഞതോടെ മിക്കയിടങ്ങളിലും ഇപ്പോൾ പച്ചക്കപ്പ കിട്ടാക്കനിയാണ്.

ഉള്ളതിൽ പലതും ഗുണമേന്മ കുറഞ്ഞതുമാണ്.തമിഴ്‌നാട്ടിൽ നിന്നുള്ള കപ്പ സീസൺ അവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇനിയും കപ്പ വില ഉയരാനാണ് സാദ്ധ്യത.

• വിളവുള്ള കർഷകന് നേട്ടം

ഒരു കിലോയ്ക്ക് 6 രൂപ മുതൽ 10 രൂപ വരെയാണ് കഴിഞ്ഞ വർഷം കർഷകന് ലഭിച്ചിരുന്നത്.ഉത്പ്പാദന ചിലവിന് ആനുപാതികമായി പോലും വില ലഭിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് പലരും ഈ വർഷം കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായത്.എന്നാൽ അപ്രതീക്ഷിതമായി വില കുത്തനെ കുതിച്ചുയർന്നതോടെ കപ്പയ്ക്കും കർഷകനും പൊന്നും വിലയായി. പത്തു രൂപ പോലും ലഭിക്കാതിരുന്ന കപ്പയ്ക്ക് ഇപ്പോൾ 30 രൂപ മുതൽ 36 രൂപ ലഭിക്കുന്നുണ്ട്.

പ്രധാന കപ്പ ഉത്ദന മേഖലകൾ

അടിമാലി, ആയിരമേക്കർ, മച്ചിപ്ലാവ്, വെള്ളയാംകുടി, ഉപ്പുതറ, തങ്കമണി, അറക്കുളം തുടങ്ങിയ മേഖലകളിലും പരിസര പ്രദേശങ്ങളിൽ നിന്നുമാണ് ജില്ലയിൽ വൻതോതിൽ കപ്പ കൃഷി ചെയ്യുന്നത്. ഇതിനു പുറമേ അതിർത്തി മേഖലകളായ കൂത്താട്ടുകുളം, മലയാറ്റൂർ, പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം ജില്ലയിലേയ്ക്ക് വൻതോതിൽ പച്ചക്കപ്പ എത്തുന്നുണ്ട്. തൊടുപുഴ,വഴിത്തല തുടങ്ങിയ മേഖലകൾ വൻതോതിൽ കപ്പ ഉദ്പ്പാദിപ്പിക്കുന്ന സ്ഥലങ്ങളാണ്.