കട്ടപ്പന: കൊവിഡിനെ തുടർന്ന് പരുങ്ങലിലായ സ്‌കൂൾ വിപണി വീണ്ടും സജീവമാകുന്നു. ബാഗുകളും കുടകളും പഠനോപകരണങ്ങളും കടകളിൽ നിരന്നു കഴിഞ്ഞു. ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, ബ്രൗൺ പേപ്പർ എന്നിവയെല്ലാം സ്‌കൂൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഓൺലൈൻ പഠനത്തിന്റെ വിരസതയിൽ നിന്ന് പുറത്ത് കടക്കാൻ വെമ്പുന്ന വിദ്യാർത്ഥികളും ആവേശത്തിലാണ്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കുട്ടികളുമൊത്ത് രക്ഷിതാക്കളും കടകളിലേയ്ക്ക് എത്തിത്തുടങ്ങി. കൊവിഡ് സാഹചര്യം പൂർണമായും മാറാത്തതിനാൽ മാസ്‌ക്, സാനിറ്റൈസർ എന്നിവയും വ്യാപാരികൾ പ്രത്യേകം കരുതിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷം ലഭിക്കാതെയിരുന്ന കച്ചവടം ഇത്തവണ പൊടിപൊടിക്കാൻ ഡിസ്‌കൗണ്ട് മേളകളുമായി കച്ചവടക്കാർ ഒരുങ്ങി കഴിഞ്ഞു. അതേസമയം കാർഷിക വിളകളുടെ തകർച്ച തോട്ടം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം ഇത്തരം സ്ഥലങ്ങളിൽ പ്രതീക്ഷിച്ച കച്ചവടം സ്‌കൂൾ വിപണിയിൽ പ്രകടമായിട്ടില്ല. മറ്റു മേഖലകളിലെ പോലെ സ്‌കൂൾ വിപണിയെയും വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുമ്പോഴേക്കും മാതാപിതാക്കൾ ശരിക്കും വിയർക്കുമെന്നർഥം. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കളെയാണ് സ്‌കൂൾ വിപണിയിലെ വിലക്കയറ്റം സാരമായി ബാധിക്കുക.
ബാഗ് മുതൽ മാസ്ക് വരെ
ഡൽഹി, മുംബൈ എന്നീ സ്ഥലങ്ങളിൽ നിന്നാണ് സ്‌കൂൾ വിപണിയിലേക്കുള്ള കൂടുതൽ സാധനങ്ങളും എത്തുന്നത്. ബാഗ്, കുട വിപണിയിൽ വൻകിട ബ്രാന്റുകൾ തമ്മിലാണ് മത്സരം. ബ്രാന്റഡ് ഉത്പന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗ്യാരണ്ടിയുമെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്നു. പ്രമുഖ ബ്രാൻഡുകൾ തിരഞ്ഞുപിടിച്ച് വാങ്ങാനെത്തുന്നവരും കുറവല്ല. അവഞ്ചേഴ്‌സ്, പ്രിൻസസ്, സിൻഡ്രല്ല, സ്‌പൈഡർമാൻ, സൂപ്പർമാൻ തുടങ്ങി വിവിധതരം സൂപ്പർ ഹീറോകളുടെ ചിത്രങ്ങളും അവയുടെ പൂർണ നിറങ്ങളുമുള്ള കുടകൾക്കാണ് കൂടുതൽ ഡിമാൻഡ്. ഇത്തവണ മഴ നേരത്തെയെത്തിയതിനാൽ കുടകൾക്കൊപ്പം റെയിൻ കോട്ടുകൾക്കും ആവശ്യക്കാർ കൂടുതലാണ്. സൂപ്പർഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള വ്യത്യസ്ത സ്റ്റൈലുകളിലുള്ള ബാഗുകൾക്കാണ് ഏറെ പ്രിയം. ഇതിനൊപ്പം ആർട്ട് ബുക്ക്, നോട്ട് ബുക്ക്, ഇൻസ്ട്രമെന്റ് ബോക്‌സ്, പേന, പെൻസിൽ, ചായങ്ങൾ, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്‌സ്, വിവിധ വർണങ്ങളിലുള്ള കൊച്ചു മാസ്ക് തുടങ്ങിയവയ്ക്കും വൻഡിമാൻഡാണ്.
സകലതിനും വില കൂടി
കുടകൾക്കും ബാഗിനും കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 15 ശതമാനം വരെ വിലവർദ്ധന ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 200 രൂപ മുതൽ 1500 രൂപ വരെയുള്ള ബാഗുകളാണ് വിപണികളിൽ കൂടുതൽ വിറ്റഴിയുന്നത്. 150 മുതൽ 500 രൂപ വരെയുള്ള കുടകൾ ലഭ്യമാണ്. നോട്ട്ബുക്കിന് 30 മുതൽ 70 വരെ വിലയുണ്ട്. കഴിഞ്ഞതവണ 45 രൂപയ്ക്ക് വിറ്റ കോളേജ് നോട്ടുബുക്കിന് ഇത്തവണ 50 രൂപയാണ് വില. മറ്റു ബുക്കുകളുടെ വിലയും സമാനമായി വർധിച്ചിട്ടുണ്ട്. പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങി സകലതിനും വില കൂടി. അഞ്ചു രൂപയുടെ പേനയ്ക്ക് ഒരു രൂപ വർദ്ധിച്ച് ആറു രൂപയിലെത്തി. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് ശരാശരി 60- 100 രൂപയാണ് വില.