ഇടുക്കി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ 29ന് വൈകിട്ട് ജില്ലയിൽ 15 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പെട്രോളിയം ഉത്പന്നങ്ങൾക്കും ഗ്യാസ് സിലിണ്ടറുകൾക്കുമുള്ള സർ ചാർജുകളും സെസ്സുകളും പിൻവലിക്കുക, രാജ്യത്തെമ്പാടും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ ഫണ്ട് വകയിരുത്തുക, പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ദേശവ്യാപകമായി ഇടതു പാർട്ടികൾ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലെമ്പാടും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമനും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസും പറഞ്ഞു.