തൊടുപുഴ: അച്ഛനും അമ്മയും രണ്ട് മക്കളും ഒരുമിച്ച് ചുവട് വയ്ക്കുന്ന നൃത്താവിഷ്‌കാരം വേദിയിലേക്ക്. പടി. കോടിക്കുളം സർക്കാർ ഹൈസ്‌കൂളിലെ മുൻ മലയാളം അദ്ധ്യാപകൻ പി.കെ. സുരേഷ്, ഭാര്യ ആർ.എൽ.വി ലത, മക്കളായ മീനാക്ഷി,​ ശ്രീഹരി എന്നിവരാണ് 'സമന്വയം-2022" എന്ന പേരിൽ ഒരേ വേദിയിൽ ഭരതനാട്യത്തിന്റെ വേറിട്ട ആവിഷ്‌കാരം ഒരുക്കുന്നത്. 29ന് വൈകിട്ട് നാലിന് തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിലാണ് സമന്വയത്തിന്റെ അരങ്ങേറ്റം. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ നിന്ന് ഭരതനാട്യത്തിൽ പോസ്റ്റ് ഗ്രാജുവേഷനും പോസ്റ്റ് ഡിപ്ലോമയും നേടിയ ലത കാൽനൂറ്റാണ്ടിലേറെയായി നൃത്ത അദ്ധ്യാപികയാണ്. നൃത്തം ജന്മസിദ്ധിയായ സുരേഷ് 1996ലെ എം.ജി സർവകലാശാല ബി.എഡ് കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ എം.എ ഭരതനാട്യം പഠിക്കുന്നു. അച്ഛന് കൂട്ടായി എം.ബി.എ വിദ്യാർത്ഥിനിയായ മകൾ മീനാക്ഷിയും ഇതേ കോഴ്‌സിനുണ്ട്. സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിലെ കലാതിലകമായിരുന്നു മീനാക്ഷി. 2020ൽ തൊടുപുഴ അൽ അസ്ഹർ കോളജിൽ നടന്ന എം.ജി കലോത്സവത്തിൽ ഭരതനാട്യത്തിൽ സമ്മാനം നേടി. എട്ടാം ക്ലാസിലേക്ക് എത്തിയ മകൻ ശ്രീഹരിയും സ്‌കൂൾ കലോത്സവ നൃത്ത വേദിയിൽ മികവ് തെളിയിച്ചു. ആർ.എൽ.വി കോളജിലെ ഭരതനാട്യ വിഭാഗം മുൻ മേധാവി കലാക്ഷേത്രം വിലാസിനി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂളിലെ നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ഇതോടൊപ്പമുണ്ടെന്ന് പി.കെ. സുരേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.