തൊടുപുഴ: ഉടമ പുറത്തുപോയ സമയം വീട് പൂർണമായി കത്തിനശിച്ചു. കോലാനി പാറക്കടവ് മമ്പിള്ളിൽ എം.എസ്. രാജൻന്റെ വീടാണ് പൂർണമായും അഗ്നിക്കിരയായത്. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച വൈകിട്ട് രാജൻ പുറത്തുപോയി അര മണിക്കൂറിന് ശേഷമാണ് സംഭവം. ഈ സമയം പ്രദേശത്ത് ഇടിമിന്നൽ അനുഭവപ്പെട്ടിരുന്നു. മിന്നലിന്റെ ആഘാതത്തിലാകാം വീടിന് തീപിടിച്ചതെന്ന് കരുതുന്നു. രാജന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. വീടിനുള്ളിൽ നിന്ന് തീ മുകളിലേക്ക് പടരുന്നത് കണ്ട അയൽവാസികളാണ് രാജനെ വിവരം അറിയിച്ചത്. തൊടുപുഴയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് ടി.കെ. ജയറാം, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.എ. ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേന രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഓടും മച്ചും തടിയുരുപ്പടികളുമുള്ള വീടും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും പൂർണമായി കത്തിനശിച്ചു. വില്ലേജ് അധികൃതരും തൊടുപുഴ പൊലീസും സംഭവസ്ഥലം സന്ദർശിച്ചു.