തൊടുപുഴ: ടാർ ചെയ്ത് രണ്ട് മാസത്തിനകം മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് തകർന്നതിനെ ചൊല്ലി നഗരസഭാ കൗൺസിലിൽ ബഹളം. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ ടാറിങ് പെട്ടെന്ന് ഇളകിയ വിവരം വാർഡ് കൗൺസിലർ മുഹമ്മദ് അഫ്‌സലാണ് കൗൺസിലിൽ ഉന്നയിച്ചത്. തുടർന്ന് പ്രതിപക്ഷാംഗങ്ങളും ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ചതുപ്പ് സ്വഭാവമുള്ള പ്രദേശമായതിനാലാണ് ടാർ പെട്ടെന്ന് ഇളകിയതെന്നായിരുന്നു ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള വിശദീകരണം. തുടർന്ന് മഴമാറുന്നത് അനുസരിച്ച് സ്റ്റാൻഡ് റീടാർ ചെയ്യാമെന്ന് ചെയർമാൻ സനീഷ് ജോർജ് പ്രഖ്യാപിച്ചു. വീണ്ടും പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് നഗരസഭാ ഓഫീസിന് മുമ്പിലേക്കുള്ള വാതിലിനെക്കുറിച്ചും വലിയ തർക്കം നടന്നു. ഇത് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചു. കേന്ദ്രസർക്കാർ കുടിവെള്ള പദ്ധതിയായ 'അമൃത് " നടപ്പിലാക്കുന്നതിനായുള്ള കമ്മിറ്റി രൂപവത്കരിച്ചു. കരാറുകാരുടെ ബില്ലുകൾ മാറി നൽകാത്തത് സംബന്ധിച്ചുള്ള പരാതിയിൽ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും നിർദേശമുണ്ടായി. കൗൺസിലർമാരായ എം.എ. കരിം, കെ. ദീപക്, ടി.എസ്. രാജൻ, സഫിയ ജബ്ബാർ, സനുകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.