
കുമളി ലോവർ ക്യാമ്പ് വരെ നീട്ടണമെന്ന ആവശ്യം ശക്തം
പീരുമേട്: പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധുര തേനി തീവണ്ടിപ്പാത വീണ്ടും തിരക്കിലമർന്നു. ചെന്നയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഇരട്ടിപ്പിച്ച റൂട്ടിലെ സർവ്വീസ് ഉദ്ഘാടനം ചെയ്തു. പാത കുമളി ലോവർ ക്യാമ്പ് വരെ നീട്ടണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്. തീവണ്ടിപ്പാത ഇല്ലാത്ത അത്യപൂർവ്വ ജില്ലകളിൽ ഒന്നായ ഇടുക്കിയോട് തൊട്ട് ചേർന്ന് വരെ ട്രെയിൻ എത്തുന്ന സാഹചര്യമാണ് ലോവർ ക്യാമ്പിലേക്ക് പാത ദീർഘിപ്പിച്ചാൽ ഉണ്ടാവുക. അത് മലയോര ജില്ലയുടെ വ്യവസായിക, ടൂറിസം, കാർഷിക രംഗത്ത് വൻ കുതിച്ച്ചാട്ടത്തിന് ഉപയുക്തമാകും. കേരള അതിർത്തിയായ കുമളിയിൽ നിന്നും 63 കിലോമീറ്റർ സഞ്ചരിച്ചാൽ തേനിയിൽ എത്താം. മൂന്നാർ-തേനി ദൂരം 77 കിലോമീറ്ററും. പൂപ്പാറ-തേനി ദൂരം54 കിലോമീറ്ററും നെടുംകണ്ടം-തേനി ദൂരം 67 കിലോമീറ്ററുമാണ്. കുമളിയിൽ നിന്ന് ലോവർ ക്യാമ്പ് വരെ മൂന്ന് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ളു എന്നതിനാൽ പാതനീട്ടുമ്പോൾ മലയോര ജനതയുടെ ചിരകാല സ്വപ്നമാണ് പൂവണിയുക.
സർവ്വീസ് ഇങ്ങനെ
മധുര -ബോഡിനായ്ക്കന്നൂർ മീറ്റർഗേജ് പാത 450 കോടി ചെലവിൽ ബ്രോഡ്‌ഗേജാക്കി മാറ്റുന്നതിനായി 2011ലാണ് ഈ റൂട്ടിൽ ട്രെയിൻ സർവിസ് നിർത്തിവെച്ചത്. . 12 ബോഗികളടങ്ങിയ ട്രെയിൻ മധുരയിൽ നിന്ന് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട് വടപഴുഞ്ചി, ഉസിലംപട്ടി, ആണ്ടിപട്ടി സ്‌റ്റേഷനുകളിലൂടെ രാവിലെ 9.35ന് തേനിയിൽ എത്തിച്ചേരും. പിന്നീട് വൈകിട്ട് 6.15ന് തേനിയിൽ നിന്ന് പുറപ്പെട്ട് മധുരയിൽ രാത്രി 7.35ന് എത്തിച്ചേരും. അൺ റിസർവ്ഡ് ട്രെയിനായാണ് സർവിസ് നടത്തുക.