ഇടുക്കി: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ഒഴിവുകൾ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഇടുക്കി ജില്ലയിൽ രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുംഭപ്പാറ), വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (അച്ചൻകാനം) എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഈ വാർഡുകൾ സ്ത്രീ സംവരണ വാർഡുകളാണെന്നും ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതാണെന്നും ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കിൽ ജൂൺ എട്ടിനകം ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫീസർക്ക് (പഞ്ചായത്ത് സെക്രട്ടറി) സമർപ്പിക്കണം. ജൂൺ 17 ന് വോട്ടർ പട്ടിക അപ്‌ഡേഷൻ പൂർത്തിയാക്കും. 18 ന് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.