school
ഒരു കോടി രൂപ മുതൽ മുടക്കി നിർമിച്ച പൈനാവ് സ്‌കൂൾ

ഇടുക്കി: ഒരു കോടി രൂപ മുടക്കി നിർമ്മിച്ച പൈനാവ് ഗവ. യു.പി. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019- 20 വർഷത്തിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പൈനാവ് സ്‌കൂളിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2020 മാർച്ചിൽ പണിയാരംഭിച്ച മൂന്ന് നില കെട്ടിടം വിദ്യാകിരണം മിഷന്റെ ഭാഗമായാണ് ഉദ്ഘാടന സജ്ജമായിരിക്കുന്നത്. രണ്ടു നിലകളിലായി 6 ഹൈടെക് ക്ലാസ് മുറികൾ, ടോയ്‌ലറ്റ് സംവിധാനം, മൂന്നാം നിലയിൽ ഹൈടെക് ഓഡിറ്റോറിയം എന്നിവ പുതിയ സ്‌കൂൾ കെട്ടിടത്തിലുണ്ട്. പുതിയ ക്ലാസ് മുറികളായതോടെ സ്‌കൂളിൽ 2500 ലധികം പുസ്തകങ്ങളുള്ള പുതുക്കിയ ലൈബ്രറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ശാസ്ത്രസാമൂഹ്യ ശാസ്ത്ര ഗണിത ലാബുകൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥല സൗകര്യവും ഇതോടെ ലഭ്യമായി. ഇൻഡോർ ഗെയിമുകൾക്കുതകുന്ന സ്‌പോർട്‌സ് മുറി, കലാകായിക പ്രവർത്തിപരിചയ പരിശീലനത്തിനുള്ള സൗകര്യം, കൗൺസിലിംഗ് മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്, സ്വാമിനാഥൻ ഫൗണ്ടേഷൻ തുടങ്ങിയവ നൽകിയ പൂർണ സജ്ജീകരണങ്ങളുള്ള രണ്ട് സ്മാർട്ട് ക്ലാസുകൾ സ്‌കൂളിനുണ്ട്. കൂടാതെ സ്‌കൂൾ കെട്ടിടങ്ങളുടെ മുൻഭാഗം ഓപ്പൺ എയർ ഓഡിറ്റോറിയമായാണ് സജ്ജീകരിച്ചിരിക്കുന്നത്.