കട്ടപ്പന : വൈദ്യുതി ബിൽ കുടിശ്ശിക അടയ്ക്കാതെ വന്നതോടെ കല്ല്കുന്ന് കുടിവെള്ള പദ്ധതിയുടെ വൈദ്യുത കണക്ഷൻ കെ എസ് ഇ .ബി വിച്ഛേദിച്ചു.വെള്ളിയാഴ്ച്ച രാവിലെ 10 ഓടെയാണ് പദ്ധതിയുടെ വലിയകണ്ടത്തുള്ള പമ്പ് ഹൗസിലേയ്ക്കുള്ള കണക്ഷക്ഷൻ വിച്ഛേദിച്ചത്.ഇതോടെ മുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമായ പദ്ധതിയുടെ കുടിവെളള വിതരണം അവതാളത്തിലായി.2018 മുതലുള്ള വൈദ്യുതി ബിൽ കുടിശ്ശികയായ 16 ലക്ഷം രൂപ 27 ന് 12 മണിക്ക് മുൻപായി അടയ്ക്കണമെന്ന് കാട്ടി കെ എസ് ഇ ബി കട്ടപ്പന സെക്ഷൻ സീനിയർ സൂപ്രണ്ട് നോട്ടീസ് പതിച്ചിരുന്നു.എന്നാൽ കുടിശ്ശിക തീർക്കുവാൻ നഗരസഭയോ ജല അതോറിറ്റിയോ തയ്യാറാകാതെ വന്നതോടെയാണ് ബോർഡിന്റെ നടപടി.

കുടിശിക പതിനഞ്ച് ലക്ഷം

കഴിഞ്ഞ 16ാം തിയതി വെരെ 15,98,645 രൂപയായിരുന്നു കുടിശ്ശിക.ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയിനത്തിൽ 63952 രൂപ ഇളവ് ചെയ്ത് നൽകാമെന്നടക്കം കെ എസ് ഇ ബി പദ്ധതിയുടെ ഉടമസ്ഥാവകാശമുള്ള നഗരസഭാ സെക്രട്ടറിയെ നിരവധി തവണ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും സെക്രട്ടറി നിരസിച്ചു.

2021 ഫെബ്രുവരിയിൽ നഗരസഭാ കൗൺസിലെടുത്ത തീരുമാനപ്രകാരം ജല അതോറിറ്റിയ്ക്ക് കുടിവെള്ള പദ്ധതി കൈമാറിയെന്നാണ് സെക്രട്ടറിയുടെ മറുപടി.പദ്ധതിയിലുള്ള 319 ഗുണഭോക്താക്കളിൽ നിന്നും പണം പിരിക്കുന്നത് വാട്ടർ അതോറിറ്റിയാണെന്നും ഇതിനാൽ വൈദ്യുതി ബിൽ അടയ്ക്കാൻ നഗരസഭയ്ക്ക് നിയമപരമായ തടസമുണ്ടെന്നും സെക്രട്ടറി കെ എസ് ഇ ബി ക്ക് നൽകിയ മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം കല്ല്കുന്ന് പദ്ധതിയുടെ ഉടമസ്ഥാവകാശം നഗരസഭ കൈമാറി നൽകിയിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വാദം.കഴിഞ്ഞ നവംബറിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ പ്രശ്‌നം പരിഹരിക്കാനായി നടത്തിയ ചർച്ചയിൽ ഇതുവരെയുള്ള വൈദ്യുതി കുടിശ്ശിക നഗരസഭ അടച്ച് തീർത്തു ഉടമസ്ഥാവകാശം ജല അതോറിറ്റിയ്ക്ക് കൈമാറണമെന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് നഗരസഭ വിഷയത്തിൽ മലക്കംമറിഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.കുടിശ്ശിക മുഴുവൻ അടച്ചു തീർത്തെങ്കിൽ മാമ്രേ വൈദ്യുതി കണക്ഷൻ ജല അതോറിറ്റിയുടെ പേരിലേയ്ക്ക് മാറ്റി നൽകാൻ കഴിയുകയുള്ളു എന്ന് കെ എസ് ഇ ബി യും വ്യക്തമാക്കി.ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 16.5 ലക്ഷം രൂപയായി കുടിശ്ശിക തുക ഉയർന്നിട്ടുണ്ട്.കുടിവെള്ള പ്രശ്‌നം രൂക്ഷമാകാറുള്ള 8,9,28 വാർഡുകളിലായിട്ടാണ് പദ്ധതി വ്യാപിച്ചു കിടക്കുന്നത്.

കല്ലുകുന്നിലുള്ള ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലേയ്ക്ക് വെള്ളം പമ്പ് ചെയ്താണ് വിതരണം നടത്തി വന്നിരുന്നത്.മോട്ടോർ തകരാറിലായതിനെ തുടർന്ന് ഒരാഴ്ച്ച ഇവർക്ക് കുടിവെള്ളം മുടങ്ങിയിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോൾ വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടത്.