തൊടുപുഴ: സ്റ്റേഷ്നറി സാമഗ്രികൾ വാങ്ങാൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ സൗകര്യം ഇല്ലാത്തത് പൊതുജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു.തഹസീൽദാർ ഓഫീസ് ഉൾപ്പെടെ സിവിൽ സ്റ്റേഷന്റെ രണ്ട് ബ്ലോക്കുകളിലായാണ് വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.വിവിധ വകുപ്പുകളുടെ ജില്ലാ - താലൂക്ക് - ബ്ലോക്ക് തലങ്ങളിലുള്ള ഓഫീസുകളാണ് പ്രധാനമായും ഇവിടെയുള്ളത്.എന്നാൽ ഇവിടെയുള്ള വിവിധ ഓഫീസുകളിൽ എത്തുന്നവർക്ക് ഒരു അപേക്ഷ എഴുതി നൽകാനുള്ള പേപ്പറൊ പേനായോ വാങ്ങാൻ സിവിൽ സ്റ്റേഷനിൽ സൗകര്യം ഇല്ല.ഒരു ഫോട്ടോ സ്റ്റാറ്റ്, ഡി ടി പി എടുക്കാനുള്ള സൗകര്യം പോലും ഇല്ലാതെ ജനങ്ങൾ സിവിൽ സ്റ്റേഷന്റെ രണ്ട് ബ്ലോക്കുകളിലേയും നിലകൾ കയറി ഇറങ്ങുന്നത് പതിവ് കാഴ്ച്ചയാണ്. രോഗികൾ,വയോജനങ്ങൾ, ഗർഭിണികൾ,അംഗപരിമിതർ, മാനസിക വൈകല്യമുള്ളവർ എന്നിവരെയാണ് ഇത്‌ ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നതും.ചില ഓഫീസുകളിലെ ജീവനക്കാർ അപേക്ഷ എഴുതാനുള്ള പേപ്പറും പേനായും ആളുകൾക്ക് നൽകി സഹായം ചെയ്യാറുണ്ട്. സർവീസ് സെന്റർ

അടഞ്ഞ് കിടക്കുന്നു

തൊടുപുഴ മിനിസിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക്‌ വേണ്ടി പട്ടിക ജാതി വകുപ്പിന്റെ നേതൃത്വത്തിൽ ട്രെയിനിംഗ് ആന്റ് സർവീസ് സെന്റർ സിവിൽ സ്റ്റേഷന്റെ ഏറ്റവും മുകളിലുള്ള നിലയിൽ സജ്ജമാക്കിയിരുന്നു.എന്നാൽ ഒരു വർഷമായി ഈ സ്ഥാപനം അടഞ്ഞ് കിടക്കുകയാണ്.ഇതേ തുടർന്ന് ഇവിടേക്ക് വാങ്ങി കൂട്ടിയ കമ്പ്യുട്ടർ,പ്രിന്റർ,ഫോട്ടോ സ്റ്റാറ്റ് മിഷ്യൻ,റാക്കുകൾ,ഫർണിച്ചറുകൾ തുടങ്ങിയവ പൊടിയും മാറാലയും പിടിച്ച് നാശത്തിന്റെ വക്കിലാണ്.സിവിൽ സ്റ്റേഷന്റെ ഏറ്റവും മുകളിലെ നിലയിലായതിനാൽ ജനങ്ങൾക്ക്‌ ഈ സ്ഥാപനത്തെ സംബന്ധിച്ച് അറിയില്ല. ഈ സ്ഥാപനം താഴേക്ക് മാറ്റി പ്രവർത്തിപ്പിച്ചാൽ ഏറെ പ്രവർത്തന സജ്ജമാകും.ഇത്‌ സംബന്ധിച്ച് ജില്ലാ പട്ടിക ജാതി വികസന വകുപ്പ് അധികൃതർ കളക്ടറെ ബോധ്യപ്പെടുത്തിയെങ്കിലും നടപടികൾ ആയില്ല.