ഇടുക്കി: മെഡിക്കൽ കോളേജിൽ ഒ.പി സമയം കഴിഞ്ഞും ഉച്ചയ്ക്ക് ശേഷവും കാഷ്വാലിറ്റിയിൽ ഒരു മെഡിക്കൽ ഓഫീസറുടെയും ഒരു ജൂനിയർ റസിഡന്റിന്റെയും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം റൊട്ടേഷൻ വ്യവസ്ഥയിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ ജില്ലാ വികസന സമിതിയ്ക്ക് റിപ്പോർട്ട് നൽകി. മെഡിക്കൽ കോളേജിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ ചൂണ്ടികാണിച്ച ഫാക്വൽറ്റിമാരുടെയും റസിഡന്റുമാരുടെയും കുറവുകൾ പൂർണമായും പരിഹരിച്ചു. നഴ്‌സിങ് പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം നടത്തിയെന്നും പുതിയ തസ്തികയ്ക്ക് പ്രൊപ്പോസൽ സമിർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതു സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം.പി കഴിഞ്ഞ മാസത്തെ വികസന സമിതി യോഗത്തിൽ ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകിയത്. ഭൂമി നിർണ്ണയ സമിതി അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിലെ പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് അഡ്വ. എ. രാജ എം.എൽ.എ വികസന സമിതിയ്ക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റുക, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കുക, തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയവയെല്ലാം കൃത്യമായി നടന്നു വരുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർവ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജലജീവൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥല ലഭ്യതക്കുറവ് തദ്ദേശ സ്വയംഭരണവകുപ്പ് അടിയന്തരമായി പരിഹരിക്കണം. ചുറ്റുമതിലുകൾ ഇല്ലാത്ത സ്‌കൂളിന്റെ പട്ടിക ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ വേണ്ട നടപടി സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു. തൊടുപുഴയിലെ ജില്ലാ എക്‌സൈസ് ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് ഉടനടി മാറ്റണമെന്നും അതിന് എന്താണ് കാലത്താമസമെന്നും പ്രസിഡന്റ് എക്‌സൈസ് വകുപ്പിനോട് ആരാഞ്ഞു. ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ പ്രത്യേക വിഭാഗം ഡോക്ടർമാരുടെ സേവനം, മെഡിക്കൽ ബോർഡ് യോഗങ്ങൾ, ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം, തുടങ്ങിയവയുടെ പുരോഗതിയെ കുറിച്ചു ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ ആരാഞ്ഞു.