തൊടുപുഴ: ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പെരുവന്താനം ആനചാരി കൊട്ടാരത്തിൽ വീട്ടിൽ ദേവസ്യയെയാണ് (അപ്പച്ചൻ) കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീത നാളെ ശിക്ഷ വിധിക്കും. 2015 മേയ് 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ദേവസ്യ നിരന്തരം മദ്യപിച്ച്‌ വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുമുണ്ടായിരുന്നു. ഇതെ തുടർന്ന് പ്രതിയുടെ മകനും മകന്റെ ഭാര്യയും കുട്ടിയും തൊടുപുഴ ഭാഗത്തേക്ക് താമസം മാറ്റിയിരുന്നു. സംഭവദിവസം രാത്രി പ്രതിയുടെ ഭാര്യ മേരിയെ (65) ​തനിച്ച് താമസിച്ചിരുന്ന വീട്ടിലെത്തി ക്രൂരമായി കിടപ്പുമുറിയിലെ കട്ടിലിൽ വച്ച് കഴുത്തറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‌ ശേഷം പ്രതി തന്റെ മകനോടും മകളോടും ഫോണിൽ വിളിച്ച് കൊലപാതകം വിവരം പറഞ്ഞു. സ്വന്തക്കാരായ അയൽവാസിയുടെ വീട്ടിൽ ചെന്നും കാര്യം പറഞ്ഞു. മക്കളുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യതെളിവുകളും പ്രോസിക്യൂഷന്‌ കേസ്‌ തെളിയിക്കാൻ പര്യാപ്തമായ ശക്തമായ തെളിവകളാണെന്ന്‌ കോടതി നിരീക്ഷിച്ചു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെയും വൈദ്യശാസ്ത്ര തെളിവുകളുടെയും ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അക്കാലത്ത്‌ പെരുവന്താനം എസ്.ഐയായിരുന്ന ടി.ഡി. സുനിൽകുമാർ, പീരുമേട്‌ സി.ഐ പി.വി. മനോജ്കുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രംസമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടറായ അഡ്വ. മനോജ് കുര്യൻ ഹാജരായി.