തൊടുപുഴ: മങ്ങാട്ടുകവല മേഖലയോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്നലെ പെയ്ത മഴയിൽ തൊടുപുഴയുടെ വിവിധ മേഖലകളിൽ വെള്ളം പൊങ്ങിയതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് മങ്ങാട്ടുകവലയെയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടകളുണ്ടായി. ചർച്ചകൾ കൊണ്ട് ഫലമില്ല, ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കിയെങ്കിലെ ഈ പ്രശ്‌നത്തിന് പരിഹാരമാകൂവെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. അധികാരികളോട് പല തവണ ആവശ്യപ്പെട്ടതാണ് വെള്ലമൊഴുകാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും ഓടകൾ യഥാ സമയം വൃത്തിയാക്കണമെന്നും. അധികാരികളുടെ മെല്ലപ്പോക്ക് നയമാണ് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരു പോലെ ദുരന്തം സമ്മാനിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തര യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.