മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർത്തി. മഴ ശക്തമായതിനെ തുടർന്ന് സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് ജലനിരപ്പ് 33 മീറ്ററായി താഴ്ത്തിയിരുന്നു. തുടർന്ന് അണക്കെട്ടിനെ ആശ്രയിച്ചുള്ള ഏഴോളം തദ്ദേശ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ നൂറോളം കുടിവെള്ള പദ്ധതികളിലേക്ക് നീരൊഴുക്ക് ഗണ്യമായി കുറയുകയും കുടിവെള്ള പദ്ധതികൾ വറ്റി വരളുകയും ചെയ്തു. അണക്കെട്ടിന്റെ തീരങ്ങളിൽ താമസിക്കുന്ന മാത്തപ്പാറ, അമ്പാട്ട് കോളനി, ഐ.എച്ച്.ഡി.പി കോളനി തുടങ്ങിയ പ്രദേശത്തുള്ള ജനങ്ങൾ പോലും കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്ന അവസ്ഥയായിരുന്നു. മിക്കവാറും പേർ 500, 1000 എന്നിങ്ങനെ പണം ചിലവഴിച്ച് സ്വകാര്യ വ്യക്തികളിൽ നിന്ന് കുടിവെള്ളം വാങ്ങുന്ന അവസ്ഥയുമായിരുന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മുട്ടം ജില്ലാ ജയിലിലേക്കുള്ള പമ്പിങ്ങും സ്തംഭിച്ചിരുന്നു. തുടർന്ന് ജയിൽ അധികൃതരും കുടിവെള്ളം വിലയ്ക്ക് വാങ്ങുന്ന സ്ഥിതിയായിരുന്നു. ഇത്‌ സംബന്ധിച്ചുള്ള മാദ്ധ്യമ വാർത്തകളെ തുടർന്നാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തിയത്. ഇതേ തുടർന്ന് അണക്കെട്ടിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾ പ്രവർത്തന സജ്ജമായി.