ഇടുക്കി: നാലാമത് മൂന്നാർ മാരത്തൺ ഇന്ന് നടക്കും. മാരത്തണിന് മുന്നോടിയായി ഇന്നലെ മൂന്നാർ അൾട്രാ ചലഞ്ച് നടത്തി. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ നിന്ന് തുടക്കം കുറിച്ച 71 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാർ അൾട്രാ ചലഞ്ച് ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. 20 വയസു മുതൽ 68 വയസുവരെയുള്ള 45 പേർ അൾട്രാ ചലഞ്ചിൽ പങ്കെടുത്തു. മൂന്നാർ ഹൈആൾട്ടിറ്റിയൂഡ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് ലക്ഷ്മി എസ്റ്റേറ്റ് വഴി സിഗ്നൽ പോയിന്റ്, സൈലന്റ് വാലി, കുറ്റിയാർ, നെറ്റിമേട്, മാട്ടുപ്പെട്ടി, ഗുണ്ടുമല, വാഗുവരൈ, രാജമല, അഞ്ചാംമൈൽ വഴി തിരികെ സ്റ്റേഡിയത്തിൽ എത്തും പ്രകാരമായിരുന്നു അൾട്രാ ചലഞ്ച്. 7 മണിക്കുർ 24 മിനിറ്റ് കൊണ്ട് അൾട്രാ ചലഞ്ച് പൂർത്തിയാക്കി. എറണാകുളം ജില്ലയിൽ എക്‌സൈസ് ജീവനക്കാരനായ ജെസ്റ്റിൻ ഒന്നാം സ്ഥാനത്തും പുനെ സ്വദേശി മുരളി കൃഷ്ണപിള്ള 7 മണിക്കുർ 52 മിനിറ്റ് കൊണ്ട് പൂർത്തിയാക്കി രണ്ടാം സ്ഥാനത്തുമെത്തി. മൂന്നാർ സ്വദേശി സിജു , എറണാകുളം സ്വദേശി സോണി റ്റി എ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അൾട്രാ ചലഞ്ചിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ ദേവികുളം സബ്‌കളക്ടർ രാഹുൽകൃഷ്ണ ശർമ്മ, കെസ്ട്രൽ അഡ്വഞ്ചേഴ്‌സ് സി.ഇ.ഒ സെന്തിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. അൾട്രാ ചലഞ്ച് കടന്നുപോകുന്ന ഒരോ നാലു കിലോമീറ്റർ സ്ഥലത്തും കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവ ക്രമീകരിച്ചിരുന്നു. കൂടാതെ മെഡിക്കൽ ടീം, പൈലറ്റ് വാഹനങ്ങൾ, ആയുർവ്വേദ തെറാപ്പിസ്റ്റുകൾ തുടങ്ങിയവർ ചലഞ്ചിൽ പങ്കെടുത്തവരെ അനുഗമിച്ചു. ഇന്ന് 42.195 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാർ ഫുൾ മാരത്തണും 21.098 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തണും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായുള്ള ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള റൺ ഫോർ ഫൺ മാരത്തണും നടക്കും. ഡി.ടി.പി.സി, സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യ, കേരളാ സ്‌പോർട്‌സ് കൗൺസിൽ, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചിട്ടുള്ളത്. 2020, 21 വർഷങ്ങളിൽ കൊവിഡിനെ തുടർന്ന് മാരത്തൺ നടന്നിരുന്നില്ല.