തൊടുപുഴ: കനത്ത മഴയിൽ ഓടകളെല്ലാം പതിവുപോലെ നിറഞ്ഞൊഴുകിയതോടെ തൊടുപുഴ നഗരം വീണ്ടും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് മൂന്ന് മണിമുതൽ ഒന്നര മണിക്കൂറോളം നേരം നിന്ന് പെയ്ത മഴയിൽ നഗരത്തിലെ അര ഡസനിലധികം സ്ഥലങ്ങളിലെ റോഡ് തോടായി. മണക്കാട് ജങ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, കിഴക്കേയറ്റം, റോട്ടറി ജങ്ഷൻ എന്നിവടങ്ങളിൽ രണ്ടടിയോളം ഉയരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അടുത്ത നാളിൽ വെള്ളക്കെട്ടുണ്ടാക്കുന്ന പ്രദേശങ്ങളിലെ ഓടകളിൽ നിന്ന് നഗരസഭയുടെ ശുചീകരണവിഭാഗം മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കിയിരുന്നെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല. നഗരസഭയെ നോക്കുകുത്തിയാക്കി സ്വകാര്യവ്യക്തികൾ ഓടകൾ കൈയേറിയതാണ് മഴയിൽ നഗരം വെള്ളക്കെട്ടിൽ പെടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. തൊടുപുഴ മണക്കാട് ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിർമാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിർമിച്ചു, റോഡ് ഭാഗം ചെറിയതോതിൽ ഉയർത്തുകയും ചെയ്തു. എന്നാൽ, ഈ ഭാഗത്തേക്ക് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നടക്കം എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകൾക്കൊന്നിനുമില്ല. പലപ്പോഴും ഓടയ്ക്കുമുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്‌ളാബിന്റെ വിടവിലുടെ വെള്ളം റോഡിലെക്കാണ് ഒഴുകുന്നത്. ഇത് വാഹനങ്ങളെയും കാൽനട യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. മുനിസിപ്പൽ ഓഫീസിന് എതിർവശത്ത് പാർക്കിനോടടുത്ത ഭാഗത്തും തൊടുപുഴ റോട്ടറി ജങ്ഷനിലും കാഞ്ഞിരമറ്റം കവലയിലും മൗണ്ട് സീനായ് ആശുപത്രി റോഡിലുമെല്ലാം വെള്ളക്കെട്ട് പതിവ് കാഴ്ചയാണ്. കൈയേറ്റത്തിനെതിരെ അധികൃതർക്ക് നിരവധി പരാതികളും നൽകിയിരുന്നു. എന്നാൽ, ഫലപ്രദമായ ഒരു നടപടിയുമുണ്ടാകാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണം ആക്ഷേപം ഉയർന്നിട്ടുണ്ട്.