തൊടുപുഴ: ഓടയിലെ വെള്ളം കയറി വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് മുനിസിപ്പൽ ഓഫീസിൽ കിടപ്പു സമരത്തിനെത്തിയ മുതലിയാർ മഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ വീട്ടിൽ ഇന്നലെ വൈകിട്ടത്തെ മഴയിലും വെള്ലം കയറി. വെള്ളം കെട്ടി നിന്നതിനെ തുടർന്ന് ഇന്നലെ കടപുഴകിയ മരം വീണ് വീടിന്റെ ഓടും ഭിത്തിയും തകർന്നു.
കാൽ നൂറ്റാണ്ടോളമായി താമസിക്കുന്ന വീട്ടിൽ ഒരു വർഷത്തിലേറെയായ് തുടരുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടാഴ്ച മുമ്പ് എൺപത്തിരണ്ടുകാരിയായ ലക്ഷ്മിയമ്മ മുനിസിപ്പൽ ഓഫീസിൽ കിടപ്പു സമരത്തിനെത്തിയത്. ഓടയിലെ വെള്ളം കയറി രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം വീട്ടിൽ കിടക്കാനോ പ്രാഥമികാവശ്യങ്ങൾ നടത്താനോ കഴിയാത്ത സാഹചര്യമാണെന്നും വീട് തകരുമെന്നുള്ള ജീവഭയമുണ്ടെന്നും ഇവർ അധികൃതരെ അറിയിച്ചിരുന്നു. നഗരസഭ, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയതിൽ നടപടിക്ക് നിർദേശമുണ്ടെന്നും ഉടൻ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ഉറപ്പ് നൽകി അധികൃതർ ഇവരെ മടക്കി അയച്ചു. സ്ഥലം സന്ദർശിച്ച മുനിസിപ്പൽ ചെയർമാനും തഹസിൽദാരുമടങ്ങുന്നവർ വെള്ളമൊഴുകി പോകാൻ വേണ്ട സത്വര നടപടികൾക്ക് നിർദ്ദേശം നൽകുകയും പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും നൽകി. എന്നാൽ മണ്ണിട്ടു നികത്തിയ സ്വകാര്യ വ്യക്തി പേരിന് ചില നടപടികൾ സ്വീകരിച്ച തൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് കൂടുതൽ തടസ്സപ്പെട്ടതിന്റെ ഫലമാണ് ശനിയാഴ്ചത്തെ ഒറ്റമഴയിലുണ്ടായ പ്രളയം. പരാതി പറയാൻ അധികൃതരെ മാറി മാറി വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്ന് ലക്ഷ്മിയമ്മ പറയുന്നു.