അടിമാലി: വൃദ്ധനെ അയൽവാസി തൂമ്പയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ തോക്കുപാറ വണ്ടാനത്ത് വി.പി. ഉതുപ്പാണ് (78) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പ്രതിയെന്ന് സൂചന ലഭിച്ചിട്ടുള്ള അയൽവാസി മണ്ണുങ്കൽ മണിക്കുട്ടനായി അന്വേഷണം ഊർജിതമാക്കിയെന്ന് വെള്ളത്തൂവൽ സി.ഐ ആർ. കുമാർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സ്വന്തം പുരയിടത്തിൽ നിൽക്കുന്നതിനിടെ തൂമ്പയുമായി എത്തി കടന്നാക്രമിക്കുകയായിരുന്നുവെന്നും തടയാൻ ചെന്ന ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. മുമ്പ് ഇതേ പ്രതി വധഭീഷണി മുഴക്കിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും സി.ഐയെ കാണാൻ അനുവദിക്കാതെ വൃദ്ധനെ അപമാനിച്ച് എസ്.ഐ മടക്കി അയക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.