തൊടുപുഴ: കെ എസ് ആർ ടി സി ആവിഷ്ക്കരിച്ച "ബഡ്ജറ്റ് ടൂറിസത്തിന്റെ" ആദ്യ സംഘം മലങ്കര ടൂറിസം ഹബ്ബിലെത്തി.കെ എസ് ആർ ടി സിയുടെ ചാലക്കുടി ഡിപ്പോയിൽ നിന്നുള്ള ചാലക്കുടി - മലങ്കര -വാഗമൺ സർവീസാണ് ഇന്നലെ രാവിലെ 9.15 ന് മലങ്കര ടൂറിസം ഹബ്ബിൽ എത്തിയത്.ചാലക്കുടിയിൽ നിന്ന് രാവിലെ 6.30 നാണ് സർവീസ് ആരംഭിച്ചത്.പൊതു അവധി ദിവസങ്ങൾ,ഞായർ എന്നിങ്ങനെയാണ് സർവീസുകൾ നടത്തുന്നതും.സൈറ്റ് സീൻ സർവീസ് പ്രകാരം വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര നടത്തുതിന് കെ.എസ്.ആർ.ടി.സിയുടെ തിരഞ്ഞെടുത്ത ഡിപ്പോകളിൽ ആവിഷ്‌കരിച്ച പദ്ധതിയാണ് "ബഡ്ജറ്റ് ടൂറിസം".കഴിഞ്ഞ ദിവസം കുമളി ഡിപ്പോയിൽ നിന്നും പരുന്തുംപാറ, അയ്യപ്പൻകോവിൽ,അഞ്ചുരുളി, രാമക്കൽമേട്,വാഗമൺ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കും ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ സർവീസ് ആരംഭിച്ചെങ്കിലും തൊടുപുഴ ഉൾപ്പെടുന്ന ലോ റേഞ്ചിനെ ഒഴിവാക്കി.കെ എസ് ആർ ടി സി വിവിധ ഡിപ്പോകളിൽ നിന്നും സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ചിനേയും മലങ്കര ടൂറിസം ഹബ്ബിനേയും പൂർണ്ണമായും ഒഴിവാക്കി.ഇത്‌ സംബന്ധിച്ച് മേയ് 9 ന് "കേരള കൗമുദി"യിലെ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ചാലക്കുടിയിൽ നിന്നുള്ള സർവീസിൽ മലങ്കര ടൂറിസം ഹബ്ബിനേയും ഉൾപ്പെടുത്തിയത്.പദ്ധതി ആരംഭിച്ച ഭൂരിഭാഗം ഡിപ്പോകളിലും വൻ വിജയത്തിലാണ്.ഈ ഡിപ്പോകളിലെ കളക്ഷനും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.എന്നാൽ ലോറേഞ്ചിലുള്ള കെ.എസ്.ആർ.ടി.സിയുടെ തൊടുപുഴ, മൂലമറ്റം ഡിപ്പോകളിൽ ബഡ്ജറ്റ് ടൂറിസം പദ്ധതി നടപ്പിലായില്ല. ഇവിടങ്ങളിലും പദ്ധതി ആരംഭിക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അത് തുടർച്ചയായി അവഗണിക്കുകയാണ്. ജില്ലയ്ക്കകത്തും പുറത്തുമുള്ള ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഈ രണ്ട് ഡിപ്പോകളിൽ നിന്ന് ബഡ്ജറ്റ് ടൂറിസം ആരംഭിച്ചാൽ വലിയ വിജയമാകും.മേഖലയിലെ നിരവധി സഞ്ചാരികളാണ് പദ്ധതി ആരംഭിക്കുന്നതും കാത്തിരിക്കുന്നത്.