നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ ആലോചനായോഗം നടന്നു.ആറു പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് 318 കോടി രൂപയാണ് ചെലവ്. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളിയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ശേഖരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പിൽ വ്യതിയാനം ഉണ്ടാകും എന്നതിനാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള പമ്പ്ഹൗസ് നിർമ്മിക്കും. ജലം ശുദ്ധീകരിക്കുന്നതിനായി ഒരു ദിവസം 24 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റും അഞ്ചുരുളിയിൽ നിർമിക്കും. 5930 പുതിയ കണക്ഷനുകളാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ നൽകുന്നത്. പാമ്പാടുംപാറ4996, ഉപ്പുതറ6809, എലപ്പാറ500, അറക്കുളം600 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തിലെ കണക്ഷനുകൾ. പദ്ധതിയുടെ ഭാഗമായി പുഷ്പക്കണ്ടം, കൈലാസപ്പാറ, പപ്പിനിമെട്ട് എന്നിവിടങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കും. ഇടുക്കി അണക്കെട്ടിൽ നിന്നും ഈ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പമ്പിങ് ലൈനിന്റെ അലൈൻമെന്റിലും ധാരണയായിട്ടുണ്ട്. പഞ്ചായത്തംഗങ്ങൾക്കായി നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വാട്ടർ അഥോറിറ്റി അസി. എഞ്ചിനീയർ വി. ആദർശ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിജിമോൾ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാർ, മിഷൻ ടീം ലീഡർ എബിൻ തോമസ്, പ്രൊജക്ട് കോഓർഡിനേറ്റർ ജനിമോൾ ജോൺസൻ എന്നിവർ പ്രസംഗിച്ചു. ഗുണഭോക്താക്കളായ കുടുംബങ്ങളിലെ ഓരോ അംഗത്തിനും 100 ലിറ്റർ വെള്ളം വീതം ദിവസവും നൽകാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി.