മൂന്നാർ: ആവേശം വാനോളമുയർത്തി നാലാമത് മൂന്നാർ മാരത്തൺ സമാപിച്ചു. ജില്ലാ ഭരണകൂടം,ഡി റ്റി പി സി, സ്‌പോർട്‌സ് അതോററ്റി ഓഫ് ഇന്ത്യ, കേരള സ്‌പോർട്‌സ് കൗൺസിൽ, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. 70ഓളം പേർ പങ്കെടുത്ത ഫുൾ മാരത്തണിൽ ഹരികുമാർ കെ എൽ ഒന്നാമതും കുമളി സ്വദേശി സജിത്ത് കെ എം രണ്ടാമതും എത്തി. മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രൻ ഹാഫ് മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ ഉൾപ്പെടെ 200ഓളം ആളുകൾ പങ്കെടുത്ത ഹാഫ് മരത്തണിൽ മൂന്നാർ സ്വദേശി വിഘ്‌നേഷ് ഒന്നാമതും തൃശൂർ സ്വദേശി മാർട്ടിൻ രണ്ടാമതും അടിമാലി സ്വദേശി ബെൻ മൂന്നാമതുമെത്തി. അഡ്വ. എ രാജ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തായിരുന്നു റൺ ഫോർ ഫൺ മാരത്തണിന് തുടക്കം കുറിച്ചത്. ഇതിൽ മൂന്നാർ സ്വദേശി അദിത്‌സായി ഒന്നാമതും തൃശൂർ സ്വദേശി ബാലുമോഹൻ രണ്ടാമതും മൂന്നാർ സ്വദേശി ജെൻസൺ ജെയിം മൂന്നാമതുമെത്തി

മാരത്തണിന് ശേഷം മൂന്നാർ ഹൈആൾറ്റിറ്റിയൂഡ് സ്റ്റേഡിയത്തിൽ നടന്ന സമാപനചടങ്ങിൽ അഡ്വ. എ രാജ എം എൽഎ മുഖ്യാതിഥിയായി. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ അദ്ധളക്ഷത വഹിച്ച മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രൻ, ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി കെ കുര്യാക്കോസ്, കെസ്ട്രൽ അഡ്വഞ്ചേഴ്‌സ് സി ഇ ഒ സെന്തിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.