കട്ടപ്പന: വണ്ടന്മേട് പഞ്ചായത്തിലെ കറുവാക്കുളത്ത്‌ ഏലത്തോട്ടങ്ങളും, തൊഴിലാളി ലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു.കറുവാക്കുളം കാഞ്ഞിരന്താനം ഔസേപ്പച്ചന്റെ തോട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ നടന്ന മോഷണമാണ് ഒടുവിലത്തെ സംഭവം. ശനിയാഴ്ച്ച പട്ടാപ്പകലാണ് എട്ടോളം ലയങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടാവ് പണം അപഹരിച്ചത്.നായ്ക്കൾ കുരയ്ക്കുന്നത് കേട്ട് തോട്ടത്തിൽ ജോലി ചെയ്തിരുന്നവർ എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് കടന്നു കളഞ്ഞു.ജനുവരി 23 നും ഇതേ തോട്ടത്തിനുള്ളിലെ വീട്ടിൽ മോഷണം നടന്നിരുന്നു.അന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 12500 രൂപയും ഒരു വാക്കത്തിയും നഷ്ടമായിരുന്നു.വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറുന്ന കള്ളൻ തൊഴിലാളികൾ പണവും മറ്റും സൂക്ഷിക്കുന്ന ബാഗോടെയാണ് മോഷ്ടിക്കുന്നത്.തുടർന്ന് പണം മാത്രം എടുത്ത ശേഷം ബാഗും മറ്റു വസ്തുക്കളും ഏലത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു..നിരവധി തമിഴ് വംശജർ താമസിക്കുന്ന സ്ഥലമാണ് കറുവാക്കുളം എന്നാൽ ഇവരുടെ വീടുകൾ ഒഴിവാക്കി ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ലയങ്ങൾ തിരഞ്ഞുപിടിച്ചാണ് മോഷണം.കഴിഞ്ഞ ജനുവരിയിൽ നടന്ന മോഷണത്തെ തുടർന്ന് തോട്ടം ഉടമ വണ്ടൻമേട് പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും മോഷ്ടാവിനെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചിരുന്നില്ല.കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ തോട്ടത്തിലെ സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.