തൊടുപുഴ: പുതിയ അദ്ധ്യയനവർഷം നാളെ ആരംഭിക്കാനിരിക്കെ കുട്ടുകൾക്കുള്ല കൊവിഡ് വാക്സിനേഷൻ ജില്ലയിൽ 50 ശതമാനം പോലും പൂർത്തിയാക്കാനായില്ല. 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം 49.01 ശതമാനമാണ് പൂർത്തിയായത്. 20,​184 പേർ ആദ്യ ഡോസും 6752 പേർ രണ്ടാം ഡോസുമെടുത്തു. 16.39 ശതമാനം പേർ മാത്രമാണ് രണ്ടാം ഡോസെടുത്തത്. ജില്ലയിൽ ഈ വിഭാഗത്തിൽ ആകെ 41,180 കുട്ടികളാണ് വാക്‌സിനെടുക്കേണ്ടത്. 15നും 17നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ വാക്‌സിനേഷൻ ആദ്യ ഡോസ് 72.22 ശതമാനവും രണ്ടാം ഡോസ് 53.24 ശതമാനവും പിന്നിട്ടു. ആദ്യ ഡോസ് 37,​647 കുട്ടികളും രണ്ടാം ഡോസ് 27,​756 കുട്ടികളും സ്വീകരിച്ചു. ആകെ 52,​124 കുട്ടികൾക്കാണ് വാക്‌സിൻ നൽകേണ്ടത്. സ്കൂൾ തുറക്കുന്നതോടെ വാക്സിൻ വിതരണം ഊർജ്ജിതമാക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. അവധിക്കാലത്ത് വാക്‌സിനെടുക്കാനുള്ള സൗകര്യവും ബോധവത്കരണവുമുണ്ടായിട്ടും കുട്ടികൾക്ക് വാക്‌സിൻ നൽകാൻ രക്ഷിതാക്കളിൽ ഭൂരിഭാഗവും തയ്യാറാകാത്തതാണ് വാക്‌സിനേഷൻ മന്ദഗതിയിലാകാൻ കാരണം. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് സ്‌കൂളുകളിൽ നിന്ന് അദ്ധ്യാപകർ രക്ഷിതാക്കളെ വിളിച്ച് കുട്ടികൾക്കു വാക്‌സിൻ നൽകുന്നതു സംബന്ധിച്ച് ബോധവത്കരണം നൽകി വരുന്നുണ്ട്. ഇതോടെയാണ് ഇപ്പോൾ കൂടുതൽ പേർ ഇപ്പോൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്താൻ തുടങ്ങിയത്. വീടിനു തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കാം. കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്‌തോ നേരിട്ട് വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയോ വാക്‌സിനേഷൻ നടത്താം. 12 വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. വാക്‌സിൻ സ്വീകരിക്കാൻ എത്തുമ്പോൾ സ്‌കൂൾ ഐഡി കാർഡോ ആധാറോ കൊണ്ടുവരണം. ആദ്യ ഡോസ് വാക്‌സിൻ എടുത്തതിനു ശേഷം 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാം.

വാക്സിനേഷൻ ഇതുവരെ

 12- 14 വയസ്

ആദ്യ ഡോസ്- 20,​184 (49.01%)​

രണ്ടാം ഡോസ്- 6,​752 (16.39%)​

ആകെ കുട്ടികൾ- 41,​180

 15- 17 വയസ്

ആദ്യ ഡോസ്- 37,​647 (72.22%)​

രണ്ടാം ഡോസ്- 27,​756 (53.24%)​
ആകെ കുട്ടികൾ- 52,​124


'സംസ്ഥാന ശരാശരിയിലും കൂടുതലാണ് ജില്ലയിൽ കുട്ടികളുടെ വാക്സിനേഷൻ. സ്‌കൂൾ തുറന്നതിന് ശേഷം വാക്സിനേഷൻ ഊർജ്ജിതപ്പെടുത്താമെന്നാണ് കരുതുന്നത്. സ്കൂളുകൾ വഴി ബോധവത്കരണം ശക്തമാക്കും."

-ഡോ. സിബി ജോർജ് (ആർ.സി.എച്ച് ഓഫീസർ ഇൻ ചാർജ്ജ് )​​

വാക്സിൻ സ്റ്റോക്കുണ്ട്

ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്ന കോർബിവാക്‌സ് ആവശ്യത്തിന് ജില്ലയിൽ സ്റ്റോക്കുണ്ട്. നിലവിൽ 11,140 ഡോസ് കോർബിവാക്‌സ് വാക്‌സിൻ സ്റ്റോക്കുണ്ട്. 9,​480 കൊവാക്‌സിനും സ്റ്റോക്കുണ്ട്.