തൊടുപുഴ: ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ദേവസ്യയെയാണ് (അപ്പച്ചൻ- 72) തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2015 മേയ് 26ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ദേവസ്യ നിരന്തരം മദ്യപിച്ച് ഭാര്യ മേരിയുമായി (65) വഴക്കുണ്ടാക്കുകയും മക്കളെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇയാളുടെ മകനും ഭാര്യയും കുട്ടിയും തൊടുപുഴയിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ പെരുവന്താനത്തെ വീട്ടിൽ മേരിയും ദേവസ്യയും തനിച്ചായിരുന്നു താമസം. സംഭവ ദിവസം രാത്രി വീട്ടിലെത്തിയ ദേവസ്യ മേരിയുമായി വഴക്കുണ്ടാക്കി. തുടർന്ന് പ്രതി കിടപ്പുമുറിയിലെ കട്ടിലിൽ വച്ച് മേരിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം മകനെയും മകളെയും പ്രതി ഫോണിൽ വിളിച്ച് കൊലപാതക വിവരം പറഞ്ഞു. ബന്ധുവായ അയൽവാസിയെയും വിവരമറിയിച്ചു. വീട്ടിലെത്തി നോക്കിയ അയൽവാസി രക്തത്തിൽ കുളിച്ച് കട്ടിലിൽ കിടക്കുന്ന മേരിയുടെ മൃതദേഹമാണ് കാണുന്നത്. അക്കാലത്ത് പെരുവന്താനം എസ്.ഐയായ ടി.ഡി. സുനിൽകുമാർ, പീരുമേട് സി.ഐ പി.വി. മനോജ്കുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കെതിരെ മക്കളും അയൽവാസികളുടെ മൊഴികളും സാഹചര്യ തെളിവുകളുമാണ് പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സഹായിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. മനോജ് കുര്യൻ ഹാജരായി. നിലവിൽ മുട്ടം ജയിലിൽ തടവിൽ കഴിയുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.