കട്ടപ്പന: കുഴൽക്കിണർ നിർമാണവുമായി ബന്ധപ്പെട്ട് പുറ്റടി അമ്പലമേട്ടിൽ സംഘർഷം.സംഘർഷത്തെ തുടർന്ന് മർദനമേറ്റ വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാം പുറ്റടി ഗവ.ആശുപത്രിയിൽ ചികിത്സ തേടി.അമ്പലമേട്ടിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കുടിവെള്ള പദ്ധതിയിൽ വേനലായാൽ ജലക്ഷാമം രൂക്ഷമാണ്. പ്രശ്‌നത്തിന് പരിഹാരമായി പുതിയ കുഴൽക്കിണർ നിർമിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നു.സാങ്കേതിക കാരണങ്ങളാൽ നിർമാണം നീണ്ടു.തുടർന്ന് കുഴൽ കിണർ നിർമാണം കഴിഞ്ഞ ദിവസമാണ് തുടങ്ങാൻ നടപടിയായത്.രണ്ട് തവണ കിണർ കുഴിച്ചിട്ടും വെള്ളം ലഭിയ്ക്കാത്തതിനാൽ പഞ്ചായത്ത് മൂന്നാം തവണയും കുഴൽ കിണർ കുഴിച്ചു.എന്നാൽ പരിധിയിൽ കൂടുതൽ മണ്ണ് കണ്ടതോടെ മൂന്നാം തവണയും നിർമാണം നിർത്തിവെച്ചു.തുടർന്ന് തിരികെപ്പോകാൻ ശ്രമിച്ച കുഴൽ കിണർ നിർമാണയന്ത്രം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി സമരക്കാരെ നീക്കി വാഹനം കടത്തിവിടുകയും ചെയ്തു.തുടർന്ന് തിങ്കളാഴ്ച രാവിലെ പ്രദേശത്തെ അംഗനവാടി പ്രവേശനോത്സവത്തിന് എത്തിയ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാമിനെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടയുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു.തുടർന്ന് പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. ഇതിനിടെയാണ് പ്രസിഡന്റിന് മർദനമേറ്റത്. പ്രസിഡന്റിന് മർദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ ടോണി മക്കോറ,സജൻ,സുമേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.