joju

തൊടുപുഴ: വാഗമൺ ഓഫ് റോഡ് റൈഡ് കേസിൽ നടൻ ജോജു ജോർജ് മോട്ടർ വാഹന വകുപ്പിൽ 5,000 രൂപ പിഴയടച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഓൺലൈൻ മുഖേനയാണ് പിഴയടച്ചത്. സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ജോജു ആർ.ടി.ഒ ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴയടയ്ക്കാൻ ആർ.ടി.ഒ ആർ. രമണൻ നിർദ്ദേശിച്ചത്. ഇതോടെ ജോജുവിനെതിരെ മോട്ടോർവകുപ്പിന്റെ എല്ലാ നിയമനടപടികളും അവസാനിപ്പിച്ചു. ഏഴിന് വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഒട്ടേറെ വാഹനങ്ങൾ പങ്കെടുത്ത ഓഫ് റോഡ് ഡ്രൈവിംഗ് .സംഭവത്തിൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നൽകിയത്‌. വാഗമൺ പൊലീസും ജോജുവിനെതിരെ കേസെടുത്തിട്ടുണ്ട്.