തൊടുപുഴ: അബദ്ധത്തിൽ വാതിലിന്റെ ബോൾട്ടിട്ടതിനെ തുടർന്ന് മുറിക്കുള്ളിൽ കുടുങ്ങിയ നാലുവയസുകാരിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഏഴോടെ അമരംകാവിന് സമീപമായിരുന്നു സംഭവം. മുറിക്കുള്ളിൽ കയറിയ കുട്ടി അറിയാതെ വാതിലിന്റെ കുറ്റിയിടുകയായിരുന്നു. വീട്ടുകാർ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സേനയെത്തി പൂട്ടുതകർത്ത് കുട്ടിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.