ഇടുക്കി: കൊവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള പി എം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എഡിഎം ഷൈജു പി ജേക്കബ് ഇടുക്കിയിൽ നിന്നുള്ള നാലു കുട്ടികൾക്ക് സഹായം വിതരണം ചെയ്തു. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും.
നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. കഴിഞ്ഞ വർഷം മേയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസിന് താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും.
18 വയസ്സ് തികയമ്പോൾ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായവും 23 വയസ് എത്തമ്പോൾ മൊത്തം പത്തുലക്ഷം രൂപയും ലഭിക്കും. കൂടാതെ സൗജന്യ സ്‌കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പ സഹായവും ലഭിക്കും. വിദ്യാഭ്യാസ വായ്പയുടെ പലിശ പി.എം കെയേഴ്‌സ് വഹിക്കും. ആയുഷ്മാൻ ഭാരത്യോജന പ്രകാരം 23 വയസ് വരെ 5 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസും കുട്ടികൾക്ക് ലഭിക്കും. ഇൻഷുറൻസ് പ്രീമിയം പി.എം കെയേഴ്‌സ് മഖേന അടയ്ക്കും.
1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രതിവർഷം 20,000 രൂപ സ്‌കോളർഷിപ്പും നൈപുണ്യ പരിശീലനത്തിനുള്ള കർമ്മ സ്‌കോളർഷിപ്പും സാങ്കേതികവിദ്യാഭ്യാസത്തിനുള്ള സ്വനാഥ് സ്‌കോളർഷിപ്പും ലഭിക്കും. 50,000 രൂപ എക്‌സ് ഗ്രേഷ്യ തുകയും ഇവർക്ക് ലഭിക്കുന്ന വിധത്തിലാണ് പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ സ്്കീം ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ശിശു ക്ഷേമ സമിതി (സി.ഡബ്ലയു.സി) ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസർ ഗീത എം. ജി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. അനിൽ ജെ, ശിശു ക്ഷേമ സമിതി അംഗങ്ങളായ അഡ്വ. കൃഷ്ണകുമാർ, അഡ്വ. സിമി സെബാസ്റ്റ്യൻ, മറ്റ് ഉദ്യോഗസ്ഥരായ ജോമെറ്റ് ജോർജ്, ഭാമ ജനാർദ്ദനൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.