തൊടുപുഴ: കൊവിഡ് മഹാമാരി തീർത്ത രണ്ട് വർഷത്തെ പ്രതിസന്ധിക്ക് ശേഷം വർണത്തോരണങ്ങളും ബലൂണുകളും പേപ്പർ തൊപ്പിയും, മധുര പലഹാരങ്ങളുമായി സ്‌കൂളുകൾ ഇന്ന് വിദ്യാർത്ഥികളെ വരവേൽക്കും. ആകാംക്ഷയോടെ ആദ്യമായി വിദ്യാലയപ്പടി കടന്നെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് മുരിക്കാട്ടുക്കുടി ജി.ടി.എച്ച്.എസ് സ്കൂളിൽ നടക്കും. രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വെങ്ങല്ലൂരിലെ തൊടുപുഴ മുനിസിപ്പൽ മോഡൽ യു.പി സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവവും യു.പി സ്കൂളിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 10.30ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ജെസി ജോണി പഠനോപകരണം വിതരണം ചെയ്യും. ജില്ലയ്ക്ക് ആവശ്യമായ പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ എക്‌സൈസും പൊലീസും പരിശോധന ശക്തമാക്കി. സ്‌കൂൾ പരിസരങ്ങളിൽ പുകയില ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സ്‌കൂൾ പരിസരത്തുള്ള എല്ലാ കടകളും പരിശോധിച്ച് പുകയിലയും പുകയില ഉത്പന്നങ്ങളുമില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. എല്ലാ സ്‌കൂളുകളുടെയും അരക്കിലോമീറ്റർ ചുറ്റളവിലുള്ള പെട്ടിക്കടകളടക്കം പരിശോധിക്കുന്നുണ്ട്. സ്‌കൂളുകളുടെ നൂറ് മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും വിപണനം ശ്രദ്ധതയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു.

511 വാഹനങ്ങൾക്ക് ഫിറ്റ്‌നസ്

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയായതായി ആർ.ടി.ഒ ആർ. രമണൻ അറിയിച്ചു. ജില്ലയിലാകെ 572 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ 511 വാഹനങ്ങൾക്ക് മാത്രമാണ് ഫിറ്റ്നസ് ലഭിച്ചത്. പരിശോധിച്ചതിൽ ന്യൂനത കണ്ടെത്തിയ വാഹനങ്ങൾ പ്രശ്‌നങ്ങൾ പരിഹരിച്ച് വീണ്ടുമെത്തിച്ചാൽ പരിശോധിക്കും. ഫിറ്റ്‌‌നസ് നേടാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആർ.ടി.ഒ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിക്കുന്ന നടപടിയുണ്ടായാൽ കർശന നടപടി സ്വീകരിക്കും.