മൂലമറ്റം : മഴ പെയ്താൽ മൂലമറ്റം ടൗൺ വെള്ളത്തിലാകും. മഴയെ തുടർന്ന് ടൗണിൽ വെള്ളക്കെട്ട് നിറഞ്ഞ് കച്ചവട സ്ഥാപനങ്ങളിൽ ദുർഗന്ധം വമിക്കുന്ന മലിന ജലം ഒഴുകിയെത്തും.ഇതേ തുടർന്ന് കച്ചവടക്കാരും പൊതു ജനങ്ങളും ഏറെ ദുരിതത്തിലാവുകയാണ്. വർഷങ്ങളായി ടൗണിൽ ഈ അവസ്ഥ തുടർന്ന് വരികയാണെങ്കിലും പ്രശ്ന പരിഹാരത്തിന് അധികൃതർ ഇടപെടൽ നടത്തുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.പവർഹൗസും അനുബന്ധ സ്ഥാപനങ്ങൾ മറ്റ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂലമറ്റം ടൗണിലേക്കും സമീപ പ്രദേശങ്ങളിലേക്കും നിത്യവും അനേകം വാഹനങ്ങളാണ് കടന്ന് വരുന്നത്.കെ എസ് ആർ ടി സി, സ്വകാര്യ ബസ് സ്റ്റാൻഡുകളിലേക്കും ദിവസവും അനേകം ബസുകൾ വന്ന് പോകുന്നുണ്ട്. റോഡിന്റെ ഇരു വശങ്ങളിലുമായി ചെറുതും വലുതുമായ നൂറിൽപരം കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.അറക്കുളം അശോക കവല മുതൽ മുട്ടം ഭാഗത്തേക്കും കുളമാവ് ഭാഗത്തേക്കും റോഡിന്റെ നവീകരണ പ്രവർത്തികൾ കൃത്യ സമയത്ത് നടത്തുന്നുണ്ട്.എന്നാൽ മൂലമറ്റം ടൗൺ ഉൾപ്പെടുന്ന റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കണം എന്ന ആവശ്യത്തോട് അധികൃതർ വർഷങ്ങളായി മുഖം തിരിക്കുകയാണ്. അറക്കുളം അശോക കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ മൂലമറ്റം ടൗണിലേക്ക്. മൂലമറ്റം - കോട്ടമല, മൂലമറ്റം- പുള്ളിക്കാനം,മൂലമറ്റം- പുത്തേട് -വാഗമൺ, മൂലമറ്റം-പതിപ്പള്ളി ഉളുപ്പൂണി എന്നിങ്ങനെയുള്ള റോഡുകൾ അടുത്ത നാളുകളിൽ നവീകരിച്ചു.എന്നാൽ മൂലമറ്റം ടൗൺ ഉൾപ്പെടുന്ന റോഡിനോട് അവഗണയാണ്. അധികൃതർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കലുങ്കിന് അടിയിൽ നിന്ന് ദുർഗന്ധം
മൂലമറ്റം:ബിഷപ്പ് വയൽ ആശുപത്രിക്ക് സമീപം കലുങ്കിന് അടിയിൽ ചപ്പ് ചവറുകൾ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നതായി ആക്ഷേപം.കലുങ്കിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പുകൾ പൊട്ടി തകർന്ന അവസ്ഥയുമാണ്.കലുങ്കിന് അടിയിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും പതിവാണെന്ന് പറയുന്നു.ഇതേ തുടർന്ന് കലുങ്കിന് ചുറ്റിലും അസഹ്യമായ ദുർഗന്ധമാണ്.