ഇടുക്കി: ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ് നെല്ലിപ്പാറ ഭാഗത്ത് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്കായി 3.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ പ്രഖ്യാപിച്ച കെഎം മാണി ഊർജിത കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
നാണ്യവിളകളുടെ ഉത്പാദനം പ്രോൽസാഹിപ്പിക്കാൻ കൃഷിവകുപ്പ്, സഹകരണവകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കെ.എം. മാണി ഊർജിത സാമൂഹിക മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ പാലക്കാട് ജില്ലയിലെ കരടിപ്പാറയിൽ പദ്ധതി പൂർത്തിയാക്കിരുന്നു. ഇതിനു പുറമേ മൂങ്കിൽ മട വലിയേരി, നാവിതൻകുളം, കുന്നംകാട്ടുപതി, അത്തിച്ചാൽ എന്നിവിടങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.