കട്ടപ്പന : കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാമിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് കോൺഗ്രസ് വണ്ടൻമേട് മണ്ഡലം കമ്മറ്റി.തിങ്കളാഴ്ച്ചയാണ് പുറ്റടി അച്ചൻകാനത്തിന് സമീപം അമ്പലമേട്ടിൽ കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്.വരാതിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽഡിഎഫ് നടത്തിയ നാടകത്തിന്റെ ഭാഗമാണ് വ്യാജപരാതിയെന്ന് നേതാക്കൾ ആരോപിച്ചു.ഇത്തരം ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും.തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആവശ്യമായ അനുമതി പോലും വാങ്ങാതെയാണ് അർധരാത്രി കുഴൽക്കിണർ നിർമ്മിച്ചത്.മേഖലയിലെ അംഗനവാടി പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റിനോട് വീട്ടമ്മമാരും ഗുണഭോക്താക്കളും പരാതി പറയുക മാത്രമാണ് ചെയ്തത്.പൊലീസ് എത്തിയതോടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായി പോകുകയും ചെയ്തു. ഇതിന് ശേഷമാണ് തന്നെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.പഞ്ചായത്ത് ഭരണ സമിതിയുടെ സമ്മർദ്ദഫലമായി കോൺഗ്രസ് പ്രവർത്തകർക്കെതിരെ അനാവശ്യമായി കേസെടുക്കുന്ന പ്രവണത പൊലീസ് അവസാനിപ്പിക്കണമെന്നും മണ്ഡലം കമ്മറ്റി നേതാക്കളായ രാജാ മാട്ടുക്കാരൻ , എ സി ബിജു, പി ജെ സൈമൺ, വർഗ്ഗീസ് ചാക്കോ എന്നിവർ ആവശ്യപ്പെട്ടു.