
ഇടുക്കി: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരനനെന്ന് കണ്ടെത്തിയ പൊലീസുകാരനെ പിരിച്ചു വിട്ടു. ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്യാംകുമാറിനെയാണ് അന്വേഷണ നടപടികൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പിരിച്ചു വിട്ടത്.
മൂന്നാർ സ്വദേശിയായ ഷീബ ഏയ്ഞ്ചൽ റാണി (27) മരിച്ച സംഭവത്തിലാണ് നടപടി. നേരത്തെ വിവാഹിതനായ ശ്യാംകുമാർ വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതാണ് ആത്മഹത്യയ്ക്ക് കാരണം. 2021 ഡിസംബർ 31നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. 2018ൽ ശ്യാംകുമാർ മൂന്നാറിൽ കൺട്രോൾ റൂം വെഹിക്കിൾ ഡ്രൈവറായിരിക്കെ പെൺകുട്ടിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഈ വിവരമറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇടപ്പെട്ട് ഇയാളെ സ്ഥലം മാറ്റി. പിന്നീടും ബന്ധം തുടർന്നത് വീട്ടുകാർ അറിഞ്ഞില്ല. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് പിന്നീടാണ് പെൺകുട്ടി അറിയുന്നത്. ഭാര്യ പിണങ്ങിപ്പോയതിനാൽ വിവാഹ മോചനം നേടി ഷീബയെ കല്യാണം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഭാര്യ തിരിച്ചെത്തി. ഈ വിവരം അറിഞ്ഞതോടെ, ശ്യാം തന്നെ വഞ്ചിച്ചെന്ന മനോവിഷമത്തിലാണ് ഷീബ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.