പട്ടുവം: അധികൃതരുടെ അശ്രദ്ധയിൽ 'രോഗശയ്യ"യിലായി പട്ടുവം ഗവ. ആയുർവേദ ആശുപത്രി. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായതോടെയാണ് രോഗികളും ആശുപത്രിയെ കൈയൊഴിഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ഡോക്ടറേ ഇല്ലാതെയായിരുന്നു ആശുപത്രിയുടെ പ്രവർത്തനം.
നേരത്തെ ഉണ്ടായിരുന്ന ഡോക്ടർ വിരമിച്ച ശേഷം ഒരു മാസത്തോളം മറ്റൊരു ഡോക്ടറെ ഇവിടെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീടാണ് ഡോക്ടറേ ഇല്ലാത്ത സ്ഥിതിയായത്. ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ വരാതെയായി. മുമ്പുള്ള ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ വാങ്ങാൻ വരുന്ന രോഗികൾക്ക് ആശ്രയം ആശുപത്രിയിലുള്ള ഫാർമസിസ്റ്റ് മാത്രം. അടുത്തമാസം ഈ ഫാർമസിസ്റ്റും വിരമിക്കുന്നത് ആശങ്കയോടെയാണ് രോഗികൾ കാണുന്നത്. ഇപ്പോൾ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ട്.
സ്ഥിരം ഡോക്ടറെ നിയമിച്ചില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ് പറയുന്നത്.
കഴിഞ്ഞദിവസം ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഒരു യോഗം ഇക്കാര്യം വിലയിരുത്തിയിരുന്നു. ആശുപത്രിയുടെ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതും ഏറേ പ്രയാസപ്പെട്ടാണ്. നേരത്തെ ഡോക്ടറെ കാണാൻ നിരവധി രോഗികളെത്തിയപ്പോൾ ഒ.പി ടിക്കറ്റ് വഴി മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്നു. എന്നാൽ, ഡോക്ടർമാരുടെ അഭാവത്തിൽ രോഗികൾ കുറഞ്ഞതോടെ ഈ വരുമാനവും കുറഞ്ഞു.
ആശുപത്രിയിലേക്ക് മരുന്നുകൾ എത്തിക്കേണ്ടത് കണ്ണൂർ താഴെചൊവ്വയിൽ നിന്നാണ്. ഇതിനുള്ള ചെലവ് കണ്ടെത്തേണ്ടതും ആശുപത്രിയിലെത്തുന്ന രോഗികളിൽ നിന്നും പിരിച്ചെടുക്കുന്ന തുച്ഛമായ തുകകൊണ്ടുതന്നെ. ഗുഡ്സ് ഓട്ടോയിലെങ്കിലും സുരക്ഷിതമായി എത്തിക്കേണ്ട മരുന്നുകൾ ചട്ടങ്ങൾ പോലും കാറ്റിൽപറത്തി ഇപ്പോൾ സാധാരണ ഓട്ടോറിക്ഷയിലാണ് എത്തിക്കുന്നത്. ഗുഡ്സ് ഓട്ടോയ്ക്ക് നല്കേണ്ട 1500 രൂപ കണ്ടെത്തുക പ്രയാസമാണെന്നതിനാലാണിത്.
കെട്ടിക്കിടക്കുന്ന മരുന്നുകൾ
ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതുകൊണ്ട് കുറേക്കാലം മരുന്നുകളും ഉപയോഗം കുറവ്. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് നല്കാനായി പുനർജ്ജനി പദ്ധതിയിലും 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ കിരൺ പദ്ധതിയിലും ഹീമോഗ്‌ളോബിൻ അപര്യാപ്തതയുള്ള 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നല്കേണ്ടുന്ന അരുണിമ പദ്ധതി പ്രകാരവുമുള്ള വിലപിടിപ്പുള്ള മരുന്നുകൾ ആശുപത്രിയിൽ കെട്ടിക്കിടപ്പാണ്. ഇതൊന്നും നാട്ടുകാർ അറിയുന്നുമില്ല.