കണ്ണൂർ: കോർപ്പറേഷന് പുതിയ ആസ്ഥാന മന്ദിരം പണിയുന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കുടുംബശ്രീയുടെ ടേസ്റ്റി ഹട്ട് ഹോട്ടലിലെ സാധനങ്ങൾ കോർപ്പറേഷൻ മോഷ്ടിച്ചുവെന്ന പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോർപറേഷന് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി ഹോട്ടൽ കഴിഞ്ഞദിവസം കോർപറേഷൻ അധികൃതർ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും സാധനങ്ങൾ കോർപ്പറേഷൻ ഓഫീസിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി കുടുംബശ്രീയും കോർപ്പറേഷനും തമ്മിൽ പോര് നടക്കവെയാണ് ഹോട്ടലിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ്, മിക്‌സി, ഗ്രൈൻഡർ എന്നിവ കാണാനില്ലെന്നും കോർപ്പറേഷൻ അധികൃതർ ഇവ മോഷ്ടിച്ചതായും കുടുംബശ്രീ പ്രവർത്തകർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് പൊളിച്ചുമാറ്റി സാധനങ്ങൾ മാറ്റിയത് എന്നിരിക്കെ കോർപ്പറേഷന്റെ പേരിൽ കുടുംബശ്രീ നൽകിയ പരാതി നിലനിൽക്കുമോ ഇല്ലയോ എന്നത് നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്.
ഭരണഘടനാപദവിയുള്ള സ്ഥാപനമാണ് കോർപ്പറേഷനെന്നും കേസെടുക്കാൻ പൊലീസിന് സർക്കാർ അനുമതിയാവശ്യമാണെന്നും മേയർ അഡ്വ. ടി.ഒ മോഹനൻ പറഞ്ഞു. മറ്റുസൗകര്യങ്ങൾ ഏർപ്പെടുത്തി നൽകാമെന്നു പറഞ്ഞിട്ടും കുടുംബശ്രീ പ്രവർത്തകർ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നും മേയർ പറഞ്ഞു. പുതിയ കെട്ടിടസമുച്ചയം പണിയുന്നതിനുള്ള തടസങ്ങൾ നീക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ ബുൾഡോസർ രാജെന്നു വിശേഷിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണെന്നും മേയർ വ്യക്തമാക്കി.