
കണ്ണൂർ: അഖിലേന്ത്യാ അന്തർസർവകലാശാലാ വടംവലി മത്സരത്തിന് മേയ് അഞ്ചുമുതൽ എട്ടുവരെ കണ്ണൂർ യൂണിവേഴ്സിറ്റി വേദിയാവുന്നു.ദക്ഷിണേന്ത്യയിൽ ആദ്യമായാണ് അന്തർസർവകലാശാലാ വടംവലി മത്സരം നടക്കുന്നത്.പുരുഷ, വനിതാ, മിക്സഡ് വിഭാഗങ്ങളിലായി ഇരുപതിൽപരം യൂണിവേഴ്സിറ്റികളിൽ നിന്നായി നാനൂറോളം കായിക താരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
ഔട്ട് ഡോർ മൽസരങ്ങൾക്കൊപ്പം നടക്കുന്ന ഇൻഡോർ മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ സവിശേഷത. കബഡിക്കും ഖൊ ഖൊ യ്ക്കും പിറകേ വടംവലിയും ഇൻഡോർ തലത്തിലേക്ക് കടക്കും.വടംവലിയിൽ ഇന്ത്യയിലും കേരളത്തിലും പ്രാഫഷണൽ ലീഗ് മൽസരങ്ങൾ ആരംഭിക്കാൻ ഈ ചാമ്പ്യൻഷിപ്പ് പ്രചോദനമാകുമെന്ന് ചാമ്പ്യൻഷിപ്പിനാവശ്യമായ ഇൻഡോർ പ്രതല നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്ന മാടായി കോളേജ് കായിക വിഭാഗം മേധാവി പ്രവീൺ മാത്യു, ടഗ് ഓഫ് വാർ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സജിത്ത് കുമാർ എരിപുരം എന്നിവർ അറിയിച്ചു.