ചക്കരക്കൽ: മൂന്ന് ഗ്രാമ പഞ്ചായത്തുകൾ ചേരുന്ന ചക്കരക്കൽ ടൗൺ വികസനത്തിന്റെ കാര്യത്തിൽ കിതയ്ക്കുന്നു. കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ സമീപ പ്രദേശങ്ങളിലെ നഗരങ്ങളിൽ മാറ്റമുണ്ടായെങ്കിലും ചക്കരക്കല്ലിൽ മാത്രം പഴയസ്ഥിതി തുടരുകയായിരുന്നു. ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി ഗ്രാമ പഞ്ചായത്തുകൾ ചേരുന്ന നഗരമാണ് ചക്കരക്കൽ. അതുകൊണ്ടു തന്നെ വാണിജ്യകേന്ദ്രമെന്ന് അറിയപ്പെടുന്ന ചക്കരക്കല്ലിൽ റോഡുകളും ബസ് സ്റ്റാൻഡും സാമൂഹ്യാരോഗ്യ കേന്ദ്രവുമെല്ലാം ഓരോ പഞ്ചായത്തുകളിലാണ്. ചക്കരക്കൽ ബസ് സ്റ്റാൻഡ് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിലാണെങ്കിൽ സാമൂഹ്യാരോഗ്യ കേന്ദ്രം ചെമ്പിലോട് പഞ്ചായത്തിലാണ്. മുഴപ്പാല റോഡിന് ഒരു വശം മുണ്ടേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഗ്രാമ പഞ്ചായത്തുകൾ വാർഷിക ബഡ്ജറ്റുകളിൽ നഗര വികസനത്തിനായി ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ഏകോപനമില്ലാത്തതിനാൽ ഗുണകരമാവില്ലെന്നാണ് ജനങ്ങളുടെ പരാതി. ജനസംഖ്യാ വിസ്തൃതിയും നഗര വളർച്ചയും കണക്കിലെടുത്ത് ചക്കരക്കൽ നഗരസഭയാക്കണമെന്നു വിവിധ സംഘടനകളും പാർട്ടികളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തെ പ്രധാന സ്ഥലങ്ങളിലൊന്നായ ചക്കരക്കല്ലിന് പിണറായി സർക്കാർ രണ്ടാംതവണ അധികാരത്തിലേറിയതാണ് ഒരു പ്രതീക്ഷ.

കഴിഞ്ഞ ദിവസം ചക്കരക്കൽ ബസ് സ്റ്റാൻഡിൽ ബേക്കറി ഉൾപ്പെടെ മൂന്ന് കടകൾ കത്തി നശിച്ച സംഭവമുണ്ടായിരുന്നു. ചക്കരക്കല്ലിൽ തീയണക്കാൻ മട്ടന്നൂർ, കുത്തുപറമ്പ്, കണ്ണൂർ എന്നിവടങ്ങളിൽ നിന്നാണ് ഫയർഫോഴ്‌സെത്തിയത്. അപ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടിരുന്നു. ഈ സാഹചര്യത്തിൽ ചക്കരക്കല്ലിൽ ഫയർഫോഴ്‌സ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കുരുക്കിൽ ശ്വാസംമുട്ടുന്ന യാത്രക്കാർ

അതികഠിനമായ ഗതാഗതക്കുരുക്കാണ് ചക്കരക്കൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇവിടെ കാറിലോ മറ്റു വലിയ വാഹനങ്ങളിലോയെത്തുന്നവർ സ്വയം ശപിക്കാതെ ഇവിടെ നിന്നും മടങ്ങുന്നത് അപൂർവം. രാവിലെ എട്ടു മണി മുതൽ10 മണി വരെ ഇവിടെ പച്ചക്കറിയും പല വ്യഞ്ജനങ്ങ ളുമായെത്തുന്ന ചരക്കുലോറികൾ റോഡരികിൽ നിർത്തി ചരക്കിറക്കുന്നതിനാൽ ചക്കരക്കൽ- തലശേരി റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവ് സംഭവമാണ്. ഇതൊഴിവാക്കുന്നതിനായി പൊലീസ് ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്തിയത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇതു നിലയ്ക്കുകയായിരുന്നു. ഇപ്പോൾ ഗതാഗത കുരുക്ക് അതിരൂക്ഷമായിരിക്കുകയാണ്.