
കണ്ണൂർ:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്ഥ കാരണം ലൈസൻസ് പോലുമില്ലാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഷവർമ്മ വിൽക്കാൻ കച്ചവടക്കാർ ധൈര്യപ്പടുന്നതുമൂലമെന്ന് മായംചേർക്കലിനെതിരെ നിയമപോരാട്ടം നടത്തുന്ന ലിയനോർഡ് ജോൺ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായി തുടരുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
2019 മേയ് 15ന് 61 ഫുഡ് സേഫ്റ്റി ഓഫീസുകളിൽ ജനരക്ഷ എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒട്ടേറെ കാര്യങ്ങൾ കണ്ടെത്തിയെങ്കിലും ഇതിനെതിരെ നടപടികളൊന്നും ഉണ്ടായില്ലെന്നും കറുവപ്പട്ട കർഷകൻ കൂടിയായ ലിയനോർഡ് ആരോപിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് എടുത്ത ഭക്ഷ്യ സാമ്പിളുകളുടെ ലാബ് റിപ്പോർട്ട് ഇതുവരെ ലഭ്യമാക്കിയില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
ശിക്ഷ അഞ്ചുലക്ഷവും തടവും
നൽകുന്നത് കാൽലക്ഷം വരെ
ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പിടിക്കപ്പെട്ടാൽ അഞ്ചു ലക്ഷം രൂപ പിഴയും തടവും ചുമത്താവുന്ന കേസുകളിൽ പോലും ആയിരം മുതൽ 25,000 രൂപ വരെ ഈടാക്കി ഉദ്യോഗസ്ഥർ ഒഴിവാക്കുകയാണെന്നും ലിയനോർഡ് കുറ്റപ്പെടുത്തി.