കണ്ണൂർ: കൃഷി വ്യാപകമാക്കികൊണ്ട് തരിശില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകശ്രദ്ധനേടിയ കാർഷിക ഭൂമികയായിരുന്നു ഒരുകാലത്ത് കേരളം. ഏറ്റവും മികച്ച അരി കേരളത്തിന്റെ സംഭാവനയായിരുന്നു. എന്നാൽ പിന്നീട് പാടങ്ങൾ നികത്താൻ ഭൂമാഫിയകൾ പലയിടത്തും ശ്രമം നടത്തി. അതിനെയെല്ലാം സമര പോരാട്ടങ്ങളിലൂടെയാണ് ചെറുത്ത് തോൽപ്പിച്ചത്. നിശ്ചയ ദാർഡ്യത്തോടെ പ്രവർത്തിച്ച് ഇനിയും കാർഷിക മേഖലയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബക്കളം വയലിൽ നെൽ വിത്ത് വിതച്ചാണ് മന്ത്രിഉദ്ഘാടനം നിർവ്വഹിച്ചത്. താഴെ ബക്കളത്ത് നിന്നും ഘോഷയാത്രയായാണ് മന്ത്രിയെ വയലിലേക്ക് ആനയിച്ചത്. അഡ്വ. പി.സന്തോഷ് കുമാർ എം.പി അദ്ധ്യക്ഷത വഹിച്ചു. കർഷക കാരണവരായ കുഞ്ഞമ്പു മുതുവാണി, കുട്ടി കർഷകനായ ആദിഷ് രഘുനാഥ് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആദരിച്ചു.
കന്നുപൂട്ടി മന്ത്രി; കൗതുകത്തോടെ കാണികൾ
കണ്ണൂർ: ബക്കളം വയൽ നുകം കെട്ടിയ രണ്ട് കാള കൂറ്റൻമാരെ കൊണ്ട് കലപ്പ വലിപ്പിച്ച് നിലം ഉഴുത് തദ്ദേശസ്വയ ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വയലിലിറങ്ങി കന്നുപൂട്ടിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ പങ്കെടുപ്പിക്കാനാണ് കർഷകനായ ഏഴോം സ്വദേശി വാസുദേവൻ നമ്പൂതിരി കാളകളെ എത്തിച്ചത്. ഘോഷയാത്രയ്ക്ക് ശേഷം ഇവയെ ഉപയോഗിച്ച് വാസുദേവൻ നിലം ഉഴുതത് പുതു തലമുറക്ക് കൗതുകമായി. പിന്നാലെയാണ് മന്ത്രിയും പാടത്തിറങ്ങിയത്. താഴെ ബക്കളത്ത് നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കാർഷിക സംസ്‌കൃതി വിളിച്ചോതുന്നതായിരുന്നു.