ആലക്കോട്: കാലവർഷത്തിൽ തകർന്നു തരിപ്പണമായ റോഡ് റീ ടാറിംഗ് നടത്താൻ പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ച് മാസങ്ങൾ പലത് കഴിഞ്ഞിട്ടും കരാറുകാരൻ പണി വൈകിപ്പിക്കുന്നത് പ്രദേശവാസികളോടും വാഹനയാത്രക്കാരോടുമുള്ള വെല്ലുവിളിയായി. ആലക്കോട്-കാപ്പിമല ഒമ്പത് കി.മീ. റോഡിന്റെ റീടാറിംഗ് പ്രവൃത്തിയാണ് കരാറുകാരുടെ മെല്ലെപ്പോക്കിനെത്തുടർന്ന് നിലച്ചിരിക്കുന്നത്.
ആകെയുള്ള 9 കി.മീ. ദൂരം 5 റീച്ചുകളായിട്ടാണ് ടെണ്ടർ വിളിച്ചത്. ഓരോ റീച്ചിനും 25 ലക്ഷം രൂപ വീതമാണ് ടെണ്ടർ തുക. ഇതിൽ 2 റീച്ചുകളുടെ പണി പൂർത്തിയായി, മൂന്നാമത്തെ റീച്ചിന്റെ പണി നടന്നുകൊണ്ടിരിക്കുകയുമാണ്. എന്നാൽ ബാക്കിയുള്ള രണ്ടു റീച്ചുകളുടെ പണി എന്ന് പൂർത്തിയാകുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ അവസാന ഭാഗമായ കാപ്പിമല ,​മഞ്ഞപ്പുല്ല് ഭാഗത്തേയ്ക്കുള്ള റോഡ് റീടാറിംഗ് നടത്തുവാൻ കരാറെടുത്തയാൾ റോഡുപണിക്കാവശ്യമായ മെറ്റലും ചിപ്‌സുമൊക്കെ കാപ്പിമല ടൗണിനു നടുവിലായി കൊണ്ടുവന്ന് ഇറക്കിയിട്ടിട്ട് ഒരുമാസമായി. ഓവർസിയർ വന്ന് ഇതിന്റെ അളവ് പരിശോധിക്കാതെ പണി തുടങ്ങാൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്. എത്രയും പെട്ടെന്ന് റോഡ് റീടാറിംഗ് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഴയും വില്ലനായെത്തി

കാലവർഷമടുത്തതോടെ മിക്ക ദിവസവും മഴ പെയ്യുന്നതും റോഡിന്റെ ടാറിംഗ് വൈകിപ്പിക്കുന്നു. മഞ്ഞപ്പുല്ല് ഭാഗത്തേയ്ക്കുള്ള റോഡിൽ ചെകുത്താൻകുന്ന് കയറ്റത്തിൽ കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധം റോഡ് തകർന്നുകിടക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ അടുത്ത വേനൽക്കാലം വരെ നാട്ടുകാർ പുറംലോകം കാണില്ലെന്നുറപ്പാണ്.