
കണ്ണൂർ: അക്രമപ്രവൃത്തികളെ നിരുത്സാഹപ്പെടുത്തുന്നതിനായി കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരേ കാപ്പ ചുമത്താൻ നീക്കം. സ്ഥിരം രാഷ്ട്രീയ ക്രിമിനലുകളായവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്ക് സിറ്റി പൊലീസ് കമ്മീഷണറും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയും നിർദേശം നൽകി. അതെ സമയം കഴിഞ്ഞ അഞ്ചുവർഷമായി സി.പി.എമ്മുകാരായ പ്രതികൾക്കെതിരേ കാപ്പ ചുമത്തിയിട്ടില്ലെന്ന ആരോപണവുമായി ഇതര രാഷ്ട്രീയ പാർട്ടികൾ ആരോപണമുന്നയിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രവർത്തകരിൽ ചിലരുടെ പേരിൽ കാപ്പ ചുമത്തിയ നടപടിക്കെതിരേ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ കോടതിയെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്.നേരത്തെ സ്വർണക്കടത്ത് കേസിലെ പ്രതിയും സി.പി.എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായ അർജുൻ ആയങ്കി ഉൾപ്പെടെയുള്ളവർക്കെതിരേ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും പരസ്യമായി രംഗത്തു വന്നിരുന്നു.ഡി.വൈ.എഫ്.ഐ സമ്മേളനങ്ങളിലടക്കം അർജ്ജുൻ ആയങ്കിയെക്കുറിച്ച് കടുത്ത വിമർശനമുയർന്നതിന് പിന്നാലെ ആഭ്യന്തരവകുപ്പ് തന്നെ അടിയന്തിരമായി ഇടപെട്ട് ഈയാൾക്കെതിരെ കാപ്പ ചുമത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷനിലെ പ്രധാന പ്രതിയാണ് അർജ്ജുൻ ആയങ്കി.
കരുതൽ തടവ് ഒരു വർഷം വരെ
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAPPA). 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.
അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. ഇത്തരക്കാരെ ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്‌ട്രേട്ടിനോ അധികാരമുണ്ടാകും. അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ, ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ , മൂന്ന് കേസുകൾ വിചാരണയിലോ ഉള്ളവർക്കെതിരെ കാപ്പ ചുമത്താം.സ്വത്തുതർക്കം, കുടുംബതർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയിൽ പെടുത്തരുതെന്നും വ്യവസ്ഥയുണ്ട്.