കാഞ്ഞങ്ങാട്/ നീലേശ്വരം: ചൊവ്വാഴ്ച വൈകുന്നേരം ആഞ്ഞടിച്ച കാറ്റിൽ
വൻ കൃഷിനാശം. വൻ തോതിൽ നേന്ത്രവാഴകൾ നിലംപതിച്ചു. മരം കടപുഴകി വീണ് ഉണ്ടായ പ്രയാസങ്ങൾ വേറെയും. മടിക്കൈയിലാണ് നേന്ത്രവാഴ കൃഷിക്ക് വലിയ നാശം നേരിട്ടത്. മടിക്കൈയിലെ കുരിക്കൾ മോഹനൻ, രാധാകൃഷ്ണൻ, എ. ജയചന്ദ്രൻ, സജീഷ്, കാടൻ കൃഷ്ണൻ, ദേവകി കക്കാണത്ത്, കുഞ്ഞിരാമൻ തുടങ്ങി നിരവധി പേർക്കാണ് വാഴ നാശം മൂലം നഷ്ടം നേരിട്ടത്. ആലയി അരയി വയലുകളിലും നേന്ത്രവാഴ കൃഷിക്ക് വലിയ തോതിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കാറ്റിൽ പരപ്പയിൽ കനത്ത കൃഷിനാശം. വില്ലേജിന്റെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം ആഞ്ഞടിച്ച കാറ്റിനെ തുടർന്നുണ്ടായ കനത്ത നഷ്ടത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം നല്കണമെന്ന് സി.പി.എം പരപ്പ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പരപ്പ പരിസര പ്രദേശങ്ങളിലെ പന്നിത്തടം, വടക്കാംകുന്ന്, കാരാട്ട്, കുപ്പമാട്, വീട്ടിയോടി പ്രദേശങ്ങളിലാണ് കാറ്റിനെ തുടർന്ന് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്.
പന്നിത്തടത്ത് മൂന്ന്, കാരാട്ട്, തോടംചാൽ, ആവുള്ളക്കോട്, കുപ്പമാട് പ്രദേശങ്ങളിൽ ഒന്ന് വീതം വൈദ്യുതി തൂണുകൾ പൊട്ടി വീണ് മാർഗതടസ്സം ഉണ്ടായി. പന്നിത്തടത്ത് തടത്തിൽ ഫിലിപ്പിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് വീടിന് ക്ഷതമുണ്ടായിട്ടുണ്ട്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ കിനാന്നൂർ - കരിന്തളം കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം കൃഷി അസിസ്റ്റന്റ് ടി. ഷൈലജ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ, പഞ്ചായത്തംഗം എം.ബി. രാഘവൻ, സി.പി.എം ലോക്കൽ സെക്രട്ടറി എ.ആർ. രാജു, വിനോദ് പന്നിത്തടം, ടി.പി. തങ്കച്ചൻ, ടി.എൻ. ബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.