
കാസർകോട്: ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയിന്റിൽ പതിനേഴുകാരിയുടെ മരണത്തിൽ കലാശിച്ച ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഷവർമ്മയിൽ ഷിഗല്ലയ്ക്ക് പുറമെ ഇ കോളി, കോളിഫോം ബാക്ടീരിയകളും കണ്ടെത്തിയതായി വിവരം.ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ ഏതാനും കുട്ടികളിൽ ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ചിരുന്നു. നാല് കുട്ടികളുടെ സാമ്പിൾ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് അയച്ചിരുന്നത്. മറ്റു കുട്ടികൾക്കും സമാനമായ അസുഖങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നതിനാൽ ഷിഗല്ല ബാധയായിരിക്കുമെന്നായിരുന്നു പ്രാഥമികനിഗമനം.
എന്നാൽ പിന്നീട് വീണ്ടും നടത്തിയ പരിശോധനയിലാണ് ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടി കണ്ടെത്തിയത്. ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. ഷിഗെല്ല, സാൽമണെല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം എത്രമാത്രം ഉണ്ടെന്നുള്ള പരിശോധനയും നടക്കുകയാണ്.
ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ദേവനന്ദ ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചിരുന്നു. കുട്ടികളും മുതിർന്നവരും അടക്കം 51 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയെന്നാണ് കണക്ക്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചെറുവത്തൂർ വി.വി.സ്മാരക ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സ തേടിയത്. സ്ഥാപനത്തിൽ നിന്നും പാർസൽ വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിച്ചവരാണ് മുതിർന്നവർ അധികവും. വലിയപറമ്പ പഞ്ചായത്തിലെ എട്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രാത്രിഭക്ഷണ പരിശോധന തുടങ്ങി
സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഷിഗെല്ല കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിലെ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം കാസർകോട് എ.ഡി.എം രാമേന്ദ്രൻ സ്ഥലത്തെത്തി അന്വേഷണം നടത്തി.