kurukk
ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന ഉരുവച്ചാൽ ടൗൺ

മട്ടന്നൂർ: നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നായ ഉരുവച്ചാലിൽ ഒരു ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മട്ടന്നൂർ, കൂത്തുപറമ്പ്, മാലൂർ, പേരാവൂർ, തില്ലങ്കേരി, കാക്കയങ്ങാട്, മണക്കായി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബസുകളും മറ്റു വാഹനങ്ങളും എത്തിച്ചേരുന്ന ഉരുവച്ചാലിൽ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും നാൾക്കുനാൾ രൂക്ഷമാവുകയാണ്. ഒപ്പം സ്വകാര്യ വാഹനങ്ങളുടെ റോഡരികിലെ പാർക്കിംഗ് കൂടിയാകുമ്പോൾ ഉരുവച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല.

മട്ടന്നൂർ നഗരസഭയുടെ ആദ്യ ഭരണസമിതിയുടെ പ്രഥമ ബഡ്ജറ്റിൽ ഉരുവച്ചാലിൽ മിനി ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ ടോക്കൺ തുക ഉൾക്കൊള്ളിച്ചെങ്കിലും പിന്നീട് തുടർപ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ല. പിന്നീട് അധികൃതർ ഉരുവച്ചാലിനെ മറന്ന മട്ടാണ്. മൂന്നു റോഡുകൾ കൂടിച്ചേരുന്ന ഉരുവച്ചാൽ കവലയിൽ അപകട മേഖലയായിരിക്കുകയാണ്. റോഡരികിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കിന് ഇടയാകുന്നു.

ഉരുവച്ചാൽ-ശിവപുരം റോഡരികിൽ റവന്യൂ വകുപ്പിനുള്ള സ്ഥലമുണ്ട്. ഇവിടെ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നിരുന്നു. എന്നാൽ ഇതുവരെയായിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല. ടാക്‌സി സ്റ്റാൻഡുണ്ടെങ്കിലും ടാക്‌സി വാഹനങ്ങളും ഓട്ടോറിക്ഷകളും റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്.

റോഡ് വീതി കൂട്ടിയിട്ടും കാര്യമുണ്ടായില്ല

കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയെങ്കിലും ബസ് സ്റ്റാൻഡ് നിർമ്മിച്ച് ഓരോ വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയാൽ മാത്രമേ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകൂ. കൂടുതൽ കടകളും മറ്റു സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങിയതോടെ മട്ടന്നൂരിലെ രണ്ടാമത്തെ പ്രധാന ടൗണായി ഉരുവച്ചാൽ വികസിച്ചിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പാശ്ചാത്തല വികസനം ഉരുവച്ചാലിൽ സാദ്ധ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.