കണ്ണൂർ: പയ്യന്നൂരിൽ പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് വിവരാവകാശ രേഖ വഴി ലഭിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവരെ മർദ്ദിച്ചുവെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേർ പൊലീസിൽ കീഴടങ്ങി. സി.പി.എം കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പവിത്രൻ, നഗരസഭാ കൗൺസിലറുടെ മകൻ ഷൈബു, സുഹൃത്തുക്കളായ കലേഷ്, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവർ വെള്ളിയാഴ്ച രാവിലെ പൊലീസിൽ ഹാജരാവുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കണ്ടങ്കാളിയിലെ ലിജേഷ്, സുരേഷ് എന്നിവർക്കെതിരെ അക്രമമുണ്ടായത്. വട്ടക്കുളത്ത് എട്ട് കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പാലം നിർമ്മാണമാണ് തർക്കത്തിന് കാരണമായത്. രണ്ടര മീറ്റർ വീതിയുള്ള പാലം പൊളിച്ചുമാറ്റി എല്ലാവാഹനങ്ങൾക്കും കടന്നുപോകുന്നതിനായി അഞ്ചരമീറ്റർ വീതിയിൽ പണിയാൻ നഗരസഭ ഏഴുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് കാരണം പ്രവൃത്തി മുടങ്ങിപ്പോയ പാലം നിർമ്മാണം കഴിഞ്ഞ മാസം തുടങ്ങിയെങ്കിലും നാലുമീറ്ററിൽ ഒതുക്കി പണിയുകയാണെന്നാണ് ആക്ഷേപം.

നഗരസഭയിൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം എതിർപ്പുയർത്തുന്നവർ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെ പൊതുവഴിയിലിട്ടു മർദ്ദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.